Advertisement

എസ്പിസി ജീവധാര ; കുട്ടിപോലീസിന്‍റെ രക്തദാന പദ്ധതിക്ക് തുടക്കമായി

April 22, 2020
Google News 1 minute Read

കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സ്റ്റുഡന്‍റ് പൊലീസിന്‍റെ എസ്പിസി ജീവധാര രക്തദാന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വര്‍ഷം കുട്ടിപൊലീസിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് രൂപംനല്‍കിയ പത്തിന പരിപാടികളില്‍ ഒന്നാണ് ജീവധാര രക്തദാന പദ്ധതി. കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലും രക്തബാങ്കുകളിലും രക്തദാതാക്കളെ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കൊവിഡ് 19 എസ്പിസി ജീവധാര എന്ന പേരില്‍ നിലവിലെ രക്തദാന പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സ്റ്റുഡന്‍റ് പൊലീസ് സംസ്ഥാന നോഡല്‍ ഓഫീസറായ ഐജി പി.വിജയന്‍ അറിയിച്ചു.

സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ സേവനസന്നദ്ധത രക്തദാന മേഖലയിലും പ്രകടമാണ്. രക്തദാനത്തിന് തയാറാകുന്ന തങ്ങളുടെ ബന്ധുക്കളെയും അയല്‍വാസികളെയും ഉള്‍പ്പെടുത്തി ഓരോ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റും നിശ്ചിത മാതൃകയില്‍ നല്‍കുന്ന സമ്മതപത്രം ഉപയോഗിച്ചാണ് രക്തദാതാക്കളുടെ പട്ടിക തയാറാക്കിയത്. നിലവില്‍ മൂന്ന് ലക്ഷത്തില്‍പരം ആള്‍ക്കാര്‍ രക്തം നല്‍കാന്‍ സന്നദ്ധരായി ഈ പട്ടികയിലുണ്ട്. ഇപ്പോഴത്തെ നിര്‍ണായക സാഹചര്യത്തില്‍ പദ്ധതിയുടെ പ്രാധാന്യം വളരെ വലുതാണ്.

അതത് ജില്ലകളിലെ എസ്പിസി ജില്ലാ ഓഫീസുകള്‍ ജീവധാര പദ്ധതിയുടെ നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കും. നോഡല്‍ ഓഫീസുകള്‍ രക്തബാങ്കുകളെയും രക്തദാനത്തിനായി സമ്മതപത്രം നല്‍കിയിരിക്കുന്ന വ്യക്തിയെയും തമ്മില്‍ ബന്ധിപ്പിച്ച് രക്തദാനത്തിന് സൗകര്യം ഒരുക്കും. ഓരോദിവസവും ആവശ്യമായി വരുന്ന രക്തത്തിന്‍റെ വിവരങ്ങള്‍ ബ്ലഡ് ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മുന്‍കൂട്ടി ശേഖരിക്കും. കൂടാതെ ആവശ്യാനുസരണമുളള ദാതാക്കളുടെ ലഭ്യത എസ്പിസി പദ്ധതി നിലവിലുളള സ്കൂളുകളിലെ സിപിഒ, ഡിഐ, കേഡറ്റ് എന്നിവരുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തും.

രക്തം ശേഖരിക്കുന്നതിന് ബ്ലഡ് ബാങ്കുകളുടെ കളക്ഷന്‍ വാഹനങ്ങളാവും ഉപയോഗപ്പെടുത്തുക. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ പൊലീസ് വാഹനങ്ങളിലും രക്തദാതാക്കളെ അവശ്യസ്ഥലങ്ങളില്‍ എത്തിക്കും.

Story Highlights: coronavirus, kerala police,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here