Advertisement

2 ദിവസത്തിനിടെ രാജ്യത്ത് യുഎപിഎ ചുമത്തിയത് 6 പേർക്കെതിരെ

April 22, 2020
Google News 1 minute Read

കഴിഞ്ഞ 2 മണിക്കൂറിനിടെ പൊലീസ് യുഎപിഎ ചുമത്തിയത് 6 പേർക്കെതിരെ. മൂന്ന് ജമ്മു കശ്മീർ മാധ്യമപ്രവർത്തകർക്കെതിരെയും മൂന്ന് ജാമിഅ മില്ലിയ വിദ്യാർത്ഥികൾക്കെതിരെയുമാണ് യുഎപിഎ ചുമത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പോസ്റ്റുകൾ പങ്കുവച്ചു എന്ന് ആരോപിച്ചാണ് മാധ്യമപ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതെങ്കിൽ ഡൽഹി കലാപവുമായി ബന്ധപ്പെടുത്തിയാണ് ജാമിഅ മില്ലിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്.

വനിതാ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റായ മസ്രത്ത് സഹ്റ, ഫ്രീലാൻസ് ജേണലിസ്റ്റും എഴുത്തുകാരനുമായ ഗൗഹർ ഗീലാനി, ദി ഹിന്ദു റിപ്പോർട്ടർ പീർസാദ ആഷിഖ് എന്നീ കശ്മീരി മാധ്യമപ്രവർത്തകർക്കെതിരെ കശ്മീർ പൊലീസാണ് യുഎപിഎ ചുമത്തിയത്. മസ്രത്ത് സഹ്‌റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പൊതുസമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചുവെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

26 കാരിയായ സഹ്‌റയുടെ ചിത്രങ്ങൾ വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ, കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കശ്മീരിലെ അറിയപ്പെടുന്ന എഴുത്തുകാരനും ഫ്രീലാൻസ് ജേണലിസ്റ്റുമാണ് ഗൗഹർ ഗീലാനി. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഗീലാനിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗീലാനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കുറച്ച് കാലങ്ങളായി പരിശോധിച്ചു വരികയാണെന്നും ദേശസുരക്ഷക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുന്നത് ശ്രദ്ധയിൽ പെട്ടു എന്നും പൊലീസ് പറയുന്നു.

ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പീർസാദ ആഷിഖിനെതിരെ യുഎപിഎ ചുമത്തിയത്. കശ്മീർ ജനതയും പൊലീസും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളെപ്പറ്റിയുള്ള ലേഖനം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറയുന്നു. വ്യാജവാർത്ത റിപ്പോർട്ട് ചെയ്തു എന്നാണ് പൊലീസ് ഭാഷ്യം.

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, വിദ്യാർത്ഥികളായ മീരാൻ ഹൈദർ, സഫൂറ സർഗാർ എന്നിവർക്കെതിരെ ഡൽഹി പൊലീസാണ് യുഎപിഎ ചുമത്തിയത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിലുണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് നീക്കം. കലാപം കരുതിക്കൂട്ടിയ നീക്കമായിരുന്നു എന്ന് പൊലീസ് പറയുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു.

Story Highlights: uapa against 6 people in 2 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here