10 മാസമായി ശമ്പളമില്ല; ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ

ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. പുതുക്കിയ കരാർ അനുസരിച്ചു ശമ്പളം ലഭ്യമാകാത്ത ഇവർ അധികാരികളുടെ കനിവ് കാത്ത് കഴിയുകയാണ്. പത്തു മാസമായി ശമ്പളം ഇല്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.

മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതത്തിലാണ് ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ കുടുംബങ്ങൾ. പത്ത് മാസമായി ശമ്പളം ലഭിക്കാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. ദിവസേന പതിനാറു മണിക്കൂർ വരെ തൊഴിലെടുക്കുന്ന ഇവർക്ക് കരാർ പുതുക്കിയെങ്കിലും നിലവിലുള്ള ശമ്പളം പോലും ലഭിക്കുന്നില്ല. കോലഞ്ചേരി ഭാഗത്തു സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന വനിതകളടക്കമുള്ളവർക്കും ഇത്തരത്തിൽ മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. നിലവിൽ ഈ തസ്തികകളിൽ കരാറടിസ്ഥാനത്തിലാണ് ജോലി.

പരാതി നൽകിയപ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിൽ നിന്ന് കരാറുകാരന് പണം ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കൊറോണ കാലത്തും ശമ്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്ന ഇവരുടെ ജീവിതം മുമ്പോട്ട് പോകാനാകാതെ വഴിമുട്ടി നിൽക്കുകയാണ്. മുടങ്ങിക്കിടക്കുന്ന ശമ്പളം ലഭ്യമാകാൻ അധികാരികൾ ഇടപെടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ബിഎസ്എൻഎലിൽ കഴിഞ്ഞ കുറേ നാളുകളായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരും ഓഫീസർമാരും ഏകദിന നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകുക, എല്ലാമാസവും യഥാസമയം ശമ്പളം നൽകാൻ നടപടി ഉണ്ടാവുക, ഫോർ ജി സേവനം ആരംഭിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിരാഹാരം.

ജനുവരി 31ന് ബിഎസ്എൻഎലിൽ കൂട്ടവിരമിക്കൽ നടന്നിരുന്നു. രാജ്യത്ത് എൺപതിനായിരത്തോളം പേരാണ് അന്ന് ബിഎസ്എൻഎലിൽ നിന്നു പടിയിറങ്ങിയത്. കേരളത്തിലെ 9000 ത്തോളം ജീവനക്കാരിൽ നാലായിരത്തോളം പേർ വിരമിച്ചു. സ്വയം വിരമിക്കൽ പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാർ പുറത്ത് പോയത്.

Story Highlights: bsnl contract workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top