ആക്രമിക്കപ്പെട്ടത് 12.15ന്; വീഡിയോ ചിത്രീകരിച്ചത് 8.17ന്; അർണാബ് ഗോസ്വാമി നുണ പറയുന്നു എന്ന് കോൺഗ്രസ്

തനിക്കും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായെന്ന റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണാബ് ​ഗോസ്വാമിയുടെ അവകാശവാദം കളവെന്ന് കോൺഗ്രസ്. ആക്രമിക്കപ്പെട്ടു എന്ന് അർണാബ് അവകാശപ്പെടുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുൻപ് ചിത്രീകരിച്ച വീഡിയോ ആണ് പിന്നീട് പുറത്തുവിട്ടതെന്നാണ് ആരോപണം. കോൺഗ്രസിൻ്റെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സോഷ്യല്‍മീഡിയ ദേശീയ കോഡിനേറ്റര്‍ ഗൗരവ് പന്ധി ആണ് അർണാബിനെതിരെ രംഗത്തു വന്നത്.

രാത്രി 12. 15ന് ആക്രമണം ഉണ്ടായി എന്നാണ് അർണാബ് തന്നെ വീഡിയോയിലൂടെ വിശദീകരിച്ചത്. എന്നാൽ ഈ വീഡിയോ നാല് മണിക്കൂർ മുൻപ് 8.17ന് ചിത്രീകരിച്ചതാണെന്ന് പന്ധി പറയുന്നു. വീഡിയോയുടെ മെറ്റാഡേറ്റ എന്ന പേരിലുള്ള വിവരങ്ങൾ പങ്കുവച്ചാണ് അദ്ദേഹത്തിൻ്റെ ആരോപണം. ‘വൈ കാറ്റഗറി സുരക്ഷയാണ് അര്‍ണാബിനുള്ളത്. അക്രമികളെ അര്‍ണാബിന്റെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. അവര്‍ തമ്മില്‍ കുറേ നേരം സംസാരിച്ചിട്ട് പിന്നീട് വിട്ടയച്ചോ? എന്തുകൊണ്ട് അക്രമികളെ പൊലീസിന് കൈമാറിയില്ല? പിന്നെ, വീഡിയോയുടെ മെറ്റാഡാറ്റ വ്യക്തമാക്കുന്നത് ഈ വീഡിയോ അര്‍ണാബ് ആരോപിക്കുന്ന സംഭവത്തിനു കുറേ മുൻപ് ചിത്രീകരിച്ചതാണ് എന്നാണ്’- ഗൗരവ് പന്ധി ട്വീറ്റില്‍ പറയുന്നു.

ഇതോടൊപ്പം മുൻ ബിബിസി എഡിറ്റർ രിഫാത് ജാവേദും അർണാബിൻ്റെ വാദങ്ങൾ വ്യാജമാണെന്ന ആരോപണവുമായി രംഗത്തെത്തി. ബിജെപി വക്താവ് സമ്പിത് പത്രയുടെയും സിനിമാ നിർമ്മാതാവ് അശോക് പണ്ഡിറ്റിൻ്റെയും ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചു കൊണ്ടാണ് ജാവേദിൻ്റെ ആരോപണം. ആക്രമണത്തിൻ്റെ റിപ്പോർട്ട് റിപ്പബ്ലിക്ക് ടിവി സംപ്രേഷണം ചെയ്യുന്നതിനു മുൻപ് ഇരുവരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ വിവരം പങ്കുവച്ചിരുന്നു എന്ന് ജാവേദ് പറയുന്നു.

സ്ക്രീൻ ഷോട്ടുകൾ പ്രകാരം പുലർച്ചെ 1.06നാണ് റിപ്പബ്ലിക് ടിവി വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ അശോക് പണ്ഡിറ്റ് പുലർച്ചെ 12.55നും സമ്പിത് പത്ര 1.05നും വിവരം പങ്കുവച്ചിട്ടുണ്ട്. ചാനൽ ബ്രേക്ക് ചെയ്യുന്നതിനു മുൻപ് ഇവർക്ക് എങ്ങനെ വിവരം ലഭിച്ചു എന്നാണ് ജാവേദിൻ്റെ ചോദ്യം.

Story Highlights: congress against arnab goswami

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top