ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ്…?

നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നയാളാണോ…?, നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണുണ്ടോ..?, നിങ്ങള്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നയാളാണോ….? എങ്കില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. പേടിക്കേണ്ട, നിങ്ങളുടെ സ്വകാര്യ വിവരങ്ങളല്ല, നിങ്ങള്‍ എന്തൊക്കെയാണ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത്. നിങ്ങളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്, നിങ്ങളുടെ ആരോഗ്യം എങ്ങനെയാണ് എന്നീ കാര്യങ്ങളെല്ലാം പലരും അറിയുന്നുണ്ട് എന്നുതന്നെ
ഡേറ്റയുടെ വില
‘ഡേറ്റ ഈസ് ദ ന്യൂ ഓയില്‍’ എന്നാണ് യുകെയില്‍ നിന്നുള്ള ഗണിതശാസ്ത്രജ്ഞനും ഡേറ്റ അനലിസ്റ്റുമായ ക്ലൈവ് ഹംബി പറയുന്നത്. ലോകത്ത് എണ്ണയേക്കാള്‍ മൂല്യം ഡേറ്റയ്ക്ക് ഉണ്ടാകുന്ന കാലം വരുമെന്നാണ് 2006 ല്‍ അദ്ദേഹം നടത്തിയ പ്രവചനം. ഇത് ഒരു വലിയ അളവ് വരെ ശരിയാണ്. പ്രത്യേകിച്ചും സ്വകാര്യതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഈ നാളുകളില്‍ ക്ലൈവ് ഹംബിയുടെ പ്രവചനം ശരിയായിരുന്നുവെന്ന് നമുക്ക് വ്യക്തമാകും. ഫലപ്രദമായി വിനിയോഗിക്കുകയാണെങ്കില്‍ ലോകത്തെ തന്നെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തിയാകും ഡേറ്റ. എന്നാല്‍ അവയുടെ ദുരുപയോഗവും തള്ളിക്കളയാനാവുന്നതല്ല.
എന്താണ് ഡേറ്റ
ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടാണ് ഡേറ്റ എന്ന വാക്കിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. വിവരങ്ങളെ ശേഖരിച്ചുവയ്ക്കുന്നതിനെ ഡാറ്റാ എന്ന് വിളിക്കാം. പേപ്പറുകളിലോ ബുക്കുകളിലോ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനെ ഡേറ്റാ എന്ന് വിളിക്കാം. എന്നാല്‍ ഇന്റര്‍നെറ്റ് ലോകത്ത് എത്തുമ്പോള്‍ ഇതിന്റെ അര്‍ത്ഥം കുറച്ചുകൂടി വിശാലമാവുകയാണ്.
സെര്‍ച്ച് എന്‍ജിനില്‍ എന്തെങ്കിലും വിഷയം അന്വേഷിക്കുന്നതിനായി നല്‍കുന്ന കീ വേര്‍ഡ് പോലും ഡേറ്റ എന്ന ഗണത്തിലേക്കാണ് മാറ്റപ്പെടുക. ലളിതമായി പറഞ്ഞാല്‍ ഒരാള്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനില്‍ പരിശോധിച്ചാല്‍ ആ വിവരം പോലും ഡേറ്റ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തപ്പെടും. പല കമ്പനികളും ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടാകും. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നതിന്റെ തെളിവാണ് പിന്നീട് നാം ഗൂഗിളിലോ മറ്റ് വെബ്‌സൈറ്റുകളിലോ സെര്‍ച്ച് ചെയ്യുമ്പോള്‍ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വരുന്നതിനു കാരണം. ഇതിനെ റീ ടാര്‍ഗെറ്റിംഗ് എന്നാണ് വിളിക്കുന്നത്.
ഡേറ്റ അനലിറ്റിക്‌സ് ആന്‍ഡ് റീ ടാര്‍ഗെറ്റിംഗ്
ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമായ വിവരങ്ങളുടെ വിശകലനത്തെയാണ് ഡേറ്റ അനലിറ്റിക്‌സ് എന്ന് വിളിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ കൂടുതല്‍ മേഖലകള്‍ ഡിജിറ്റലൈസ് ചെയ്യുകയാണ്. ഓരോ മേഖലകളിലും ഇത്തരത്തില്‍ ലഭ്യമാകുന്ന വിവരങ്ങളെ വിശകലനം ചെയ്യുന്നതാണ് ഡേറ്റാ അനലിറ്റിക്‌സ്. ഉദാഹരണത്തിന് ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ ഒരു വര്‍ഷത്തെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ വിശകലനം ചെയ്യാം.
ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോണ്‍ എതാണ്, ഏത് രാജ്യത്താണ് അവ കൂടുതലായി വിറ്റത്, ആളുകള്‍ കൂടുതലായി വാങ്ങിയ മറ്റ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഏതൊക്കെയാണ്, ഏത് വില നിലവാരത്തിലുള്ള ഫോണുകളാണ് ആളുകള്‍ കൂടുതലായി വാങ്ങുന്നത്. ഇത്തരം കാര്യങ്ങളെല്ലാം കണ്ടെത്തുകയും പുതിയ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുകയെന്നത് ഡേറ്റാ അനലിസ്റ്റിന്റെ ജോലിയാണ്.
ഇതിന് പിന്നാലെയാണ് റീ ടാര്‍ഗെറ്റിംഗ് എന്ന മേഖല വരുന്നത്. വ്യക്തികള്‍ കൂടുതലായി സെര്‍ച്ച് ചെയ്യുന്നത് എന്തിനെക്കുറിച്ചാണ് എന്ന വിവരങ്ങള്‍ മനസിലാക്കി അത്തരം വിവരങ്ങള്‍ കൂടുതലായി നല്‍കുകയെന്നതാണ് റീ ടാര്‍ഗെറ്റിംഗ്. യൂട്യൂബില്‍ ഇഷ്ടമുള്ള വിഡിയോകള്‍ സജഷനായി വരുന്നതും അമസോണും ഫ്‌ളിപ്കാര്‍ട്ടുമെല്ലാം ഇഷ്ട ഉത്പന്നങ്ങള്‍, അല്ലെങ്കില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നങ്ങള്‍ സജസ്റ്റ് ചെയ്യുന്നതുമെല്ലാം ഇത്തരം റീ ടാര്‍ഗെറ്റിംഗിന്റെ ഭാഗമാണെന്ന് ഗിസ്മിയോണ്‍ സിഇഒ ഫിറോസ് മൂസക്കുട്ടി ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു. അതായത് നാം എന്ത് ചിന്തിക്കുന്നു, അന്വേഷിക്കുന്നു എന്ന വിവരങ്ങള്‍ പല കമ്പനികളും അറിയുന്നു എന്നുതന്നെ.
എന്തൊക്കെ ഡേറ്റയാണ് സംരക്ഷിക്കേണ്ടത്
ഡേറ്റാ സംരക്ഷണം എന്നത് എന്നും ഒരു ചോദ്യചിഹ്നമായി നമ്മുടെ മുന്‍പിലുള്ള കാര്യമാണ്. എന്റെ വ്യക്തി വിവരങ്ങള്‍ക്ക് വിലയുള്ളതല്ലേ, അവ സംരക്ഷിക്കേണ്ടതല്ലേ… എന്ന ചോദ്യങ്ങളൊക്കെ ഡേറ്റയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരാറുള്ളതാണ്. നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ആര്‍ക്കും ലഭിക്കരുതെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അതിന് ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുകയെന്നത് മാത്രമാണ് വഴിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കില്‍ പോലും നിങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ഒരു ആശുപത്രിയിലോ, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലോ, ഹോട്ടലുകളിലോ ഒക്കെ നിങ്ങളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇവയും മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഏറ്റവും പ്രധാനം. രോഗം, കഴിക്കുന്ന മരുന്ന് എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ പ്രധാനപ്പെട്ടതുതന്നെയാണ്.
ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുമെല്ലാം ഈ വിവരങ്ങള്‍ ഒരളവില്‍ ലഭ്യമാണ്. ഉദാഹരണത്തിന് ഒരു മേഖലയില്‍ ഒരു മരുന്ന് കൂടുതലായി വില്‍ക്കപ്പെടുന്നു എന്നത് മെഡിക്കല്‍ സ്റ്റോറുകള്‍ ഓര്‍ഡര്‍ നല്‍കുന്ന വിവരത്തില്‍ നിന്ന് ലഭ്യമാണ്. മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഇത്തരം വിവരങ്ങള്‍ ലഭ്യമാണ്.
ഡേറ്റാ സംരക്ഷണത്തിന്റെ നിയമവശങ്ങള്‍
2018 ലാണ് ഇന്ത്യയില്‍ പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന്റെ കരട് തയാറായത്. സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയാണ് ബില്ലിന്റെ കരട് തയാറാക്കിയത്. തുറന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് ജസ്റ്റിസ് ശ്രീകൃഷ്ണ നേതൃത്വം നല്‍കുന്ന കമ്മിറ്റി പ്രൈവസ് ബില്ലിന്റെ കരട് രേഖ തയാറാക്കിയത്.
രാജ്യത്തെ പൗരന്മാരുടെ അവകാശം സംരക്ഷിക്കാനായി ഇന്ത്യ നടത്തിയ ആദ്യത്തെ ഉദ്യമമായാണ് ഈ ബില്ലിനെ കണ്ടിരുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കണമെന്നതാണ് ഇതില്‍ പ്രധാനം. ഇത് വഴി രാജ്യത്തിനാണ് ഗുണമുണ്ടാവുക. ഡേറ്റ വിദേശത്താണെങ്കില്‍ അത് ലഭിക്കണമെങ്കില്‍ മള്‍ട്ടി ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം താമസം നേരിട്ടേക്കാം. വിദേശ രാജ്യങ്ങളില്‍ സ്വകാര്യ ഡേറ്റാ സംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങളാണ് രൂപീകരിച്ചിട്ടുള്ളതെന്നതാണ് ഇതിന് കാരണം.
എങ്ങനെയാണ് പൊതുജനങ്ങളുടെ വിവരങ്ങള്‍ ലഭിക്കുക
വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. പലപ്പോഴും നമ്മുടെ അറിവില്ലായ്മയാണ് ഇത്തരം വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്കും മറ്റും ലഭിക്കുന്നതിന് കാരണമാകുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. സോഷ്യല്‍മീഡിയ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പൊതുജനത്തിന്റെ സൈബര്‍ ഇടങ്ങളിലെ തിരച്ചിലുകള്‍, സ്വഭാവ രീതികള്‍, എന്നിവയെല്ലാം ശേഖരിക്കാന്‍ ഡേറ്റാ ഏജന്‍സികള്‍ എന്നും ശ്രമിക്കാറുണ്ട്.
ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡേറ്റായെക്കുറിച്ച് ആശങ്കയുള്ള നമ്മില്‍ പലരും സ്മാര്‍ട്ട്‌ഫോണില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ എന്തൊക്കെ വിവരങ്ങളാണ് നമ്മില്‍ നിന്ന് ശേഖരിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ…? ഫോണിലെ ഒരു വിധം എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിനുള്ള അനുവാദം ഒട്ടുമിക്ക ആപ്ലിക്കേഷനുകളും ചോദിക്കാറുണ്ട്.
ഉദാഹരണത്തിന് ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ തന്നെയെടുക്കാം. ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ക്യാമറ, എസ്എംഎസ്, ഫോണ്‍ മെമ്മറി അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുവാദം ആപ്ലിക്കേഷന്‍ ചോദിക്കാറുണ്ട്. പ്രധാനമായി പരിചയമില്ലാത്ത ഫോണ്‍ നമ്പര്‍ തിരിച്ചറിയുന്നതിനാണ് നാം ട്രൂകോളര്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ കോണ്ടാക്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും മറ്റുള്ളവര്‍ക്ക് ട്രൂകോളര്‍ നല്‍കാറുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് നമ്മുക്ക് പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്ന് കോള്‍ വരുന്നു. ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഇന്നയാളാണ് വിളിക്കുന്നതെന്ന വിവരം ലഭിക്കും. ഇത് ട്രൂകോളര്‍ ആപ്ലിക്കേഷന്‍ മറ്റൊരാളുടെ ഫോണില്‍ നിന്നെടുത്ത വിവരത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനമായും ചെയ്യേണ്ടത് കാര്യങ്ങള്‍ ഇവയാണ്.
1. പരിചയമില്ലാത്ത ഇ- മെയിലുകളില്‍ നിന്ന് വരുന്ന ലിങ്കുകള്‍ ഉപയോഗിക്കാതിരിക്കുക.
2. വെബ്‌സൈറ്റ് അഡ്രസുകള്‍ കൃത്യമായി പരിശോധിച്ചശേഷം മാത്രം ഉപയോഗിക്കുക
3. പോപ്പ് അപ്പ് മെസേജുകള്‍ ശ്രദ്ധിക്കുക
4. കുക്കീസ് ക്ലിയര്‍ ചെയ്യുക
5. വ്യത്യസ്തങ്ങളായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക.
6. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലെക്കേഷന്‍ ട്രാക്കിംഗ് ഓഫ് ചെയ്തിടുക
7. ഫാന്‍സി കീബോര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക
8. ഫാന്‍സി ക്യാമറാ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാതിരിക്കുക
9. പണം ലഭിക്കുമെന്നുള്ള ഓഫറുകളുമായി വരുന്ന മെയിലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
10. സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും ഫോണ്‍ നമ്പരുകള്‍ നല്‍കാതിരിക്കുക
11. ജന്മദിനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക.
12. ആധാര്‍, ഐഡി കാര്‍ഡ് വിവരങ്ങള്‍ അനാവശ്യമായി പങ്കുവയ്ക്കാതിരിക്കുക.
സോഷ്യല്‍മിഡിയയില്‍ നല്‍കുന്ന വിവരങ്ങള്‍
സോഷ്യല്‍മീഡിയായില്‍ നല്‍കുന്ന വിവരങ്ങളെക്കുറിച്ച് എപ്പോഴും ശ്രദ്ധവേണമെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. ചെക്ക് ഇന്‍ ഡീറ്റേയില്‍സ് സോഷ്യല്‍മീഡിയയില്‍ നല്‍കാതിരിക്കുന്നതാകും ഉചിതം. പല തട്ടിപ്പുകളും സോഷ്യല്‍മിഡിയയില്‍ നല്‍കുന്ന ഇത്തരം വിവരങ്ങള്‍ വഴി നടക്കുന്നുണ്ട്. കൃത്യമായ ജന്മദിനം സോഷ്യല്‍മീഡിയയില്‍ നല്‍കരുതെന്നും വിദഗ്ധര്‍ പറയുന്നു.
Story Highlights: internet, data security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here