Advertisement

കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചുമട്ടുതൊഴിലാളിക്കും സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകനും

April 23, 2020
Google News 1 minute Read

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. കോട്ടയത്തെ ചുമട്ടുതൊഴിലാളിയായ 37 കാരനും തിരുവനന്തപുരത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 31 കാരനായ ആരോഗ്യ പ്രവര്‍ത്തകനുമാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ചയാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ വച്ച് ചുമട്ടുതൊഴിലാളിയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചത്. പാലക്കാട്ട് കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചിരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ ഇയാള്‍ പങ്കാളിയായിരുന്നു. എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലോഡ് ഇറക്കിയ കട ഉടമയുടെയും ഈ തൊഴിലാളിയുടെയും ഉള്‍പ്പെടെ എട്ടു പേരുടെ സാമ്പിളുകള്‍ എടുത്തിരുന്നു. ഇയാള്‍ ഒഴികെ എല്ലാവരും നെഗറ്റീവാണ്. കോട്ടയത്ത് എത്തിയ ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സാമ്പിള്‍ എടുത്തശേഷം ഇയാളെ പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മാര്‍ച്ച് 24 നാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ തിരുവന്തപുരത്തു നിന്ന് കാറില്‍ കോട്ടയം ജില്ലയില്‍ എത്തിയത്. കോട്ടയത്തു നിന്ന് കാറുമായി പോയി ഒരാള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു എന്നാണ് ആരോഗ്യ പ്രവര്‍ത്തകന്‍ അധികൃതരെ അറിയിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 22ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇന്നലെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് ഇദ്ദേഹത്തിന്റെ സാമ്പിള്‍ എടുക്കുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയത്ത് പോയി കൂട്ടിക്കൊണ്ടുവന്ന ഡ്രൈവറുടെ സാമ്പിള്‍ ശേഖരിച്ചു.

ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിന് നടപടി അതിവേഗം പുരോഗമിക്കുകയാണ്. ചുമട്ടുതൊഴിലാളിയുടെ കോട്ടയം മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കും. കളക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കല്‍ ഓഫീസറും മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. മാര്‍ക്കറ്റില്‍ നാളെ(ഏപ്രില്‍ 24) അണുനശീകരണം നടത്തും. മാര്‍ക്കറ്റും രോഗബാധ സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന തദ്ദേശഭരണ മേഖലകളും ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

 

Story Highlights- covid19, coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here