Advertisement

ലോക്ക്ഡൗണിനിടെ യുഎസ് നിരത്തുകളിൽ വൻജനാവലിയും പ്രതിഷേധവും; എന്തിന് ?

April 23, 2020
Google News 1 minute Read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാരണം ലോകം മുഴുവൻ വീടികളിലേക്ക് ചുരുങ്ങുമ്പോൾ വൻ ജനാവലിയാണ് യുഎസ് തെരുവുകളിൽ.

എന്തിനുവേണ്ടിയാണ്  പ്രതിഷേധം ?

ലോക്ക്ഡൗൺ പ്രഖ്യാപിച്ച യുഎസ് സർക്കാരിന്റെ നടപടി ജനങ്ങളെ മുറിവേൽപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ പറയുന്നു. സർക്കാർ അമിതമായി പ്രതികരിക്കുകയാണെന്നും ഇത് സമ്പദ് വ്യവസ്ഥയെ തകർക്കുന്നുവെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

പതിറ്റാണ്ടുകളായി യുഎസ് ഉയർത്തിക്കൊണ്ടുവന്ന തൊഴിൽ രംഗത്തെ വളർച്ച ദിവസങ്ങൾ കൊണ്ടാണ് തകർന്നടിഞ്ഞത്. രാജ്യത്തെ തൊഴിലില്ലായ്മ 22 മില്യണായി എന്നും ജനങ്ങൾ ആരോപിക്കുന്നു.

എവിടെയാണ് പ്രതിഷേധങ്ങൾ നടക്കുന്നത് ?

മിഷിഗൻ, ഒഹിയോ, നോർത്ത് കാരൊലിന, മിനിസോട്ട, വിർജീനിയ, കെന്റക്കി, മേരിലാൻഡ്, അരിസോണ, കോളറാഡോ, മോണ്ടാന, വാഷിംഗ്ടൺ, ന്യൂ ഹാംഷയർ, പെൻസിൽവാനിയ, ടെക്‌സസ്, വിസ്‌കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ

രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കണമെന്നും ആളുകൾ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അമേരിക്കൻ തെരുവുകളിൽ അണിനിരന്നത്.

ഞായറാഴ്ച വാഷിംഗ്ടണിൽ നടന്ന പ്രതിഷേധത്തിൽ 2,500 പേരാണ് പങ്കെടുത്തത്. കോളറാഡോയിൽ നൂറ് കണക്കിന് പ്രതിഷേധക്കാർ തെരുവുകൾ കീഴടക്കി. ഫീനിക്‌സിലെ കാപിറ്റോൾ വലയം ചെയ്യാനായി നൂറികണക്കിന് പ്രതിഷേധക്കാരാണ് കാറുമെടുത്ത് അരിസോണയിൽ പുറത്തേക്കിറങ്ങിയത്. മേരിലാൻഡ്, ടെക്‌സസ് എന്നിവിടങ്ങളിലും സമാന രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

ആരാണ് പ്രതിഷേധക്കാർ ?

കൺസർവേറ്റീവുകൾ, ട്രംപ് അനുകൂലികൾ എന്നിവരാണ് പ്രതിഷേധക്കാരിൽ ഏറെയും. അമേരിക്കൻ പതാകയും ട്രംപിന്റെ മുഖമുള്ള ടീ ഷർട്ടുകളും അണിഞ്ഞുള്ള ഇവരുടെ പ്രതിഷേധ പ്രകടനങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രചരണ പരിപാടികളെ അനുസ്മരിപ്പിക്കുന്നതാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ എല്ലാവരും സംഘടനകളുടെ ഭാഗമല്ല. ചിലർ ലോക്ക്ഡൗണിൽ ഇരുന്ന് മടുത്ത് പുറത്തിറങ്ങിയവരാണ്. ‘ഒന്നില്ലെങ്കിൽ സ്വാതന്ത്ര്യം നൽകൂ അല്ലെങ്കിൽ മരണം തരൂ’, ‘തൊഴിൽ ചെയ്യാൻ അനുവദിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.

ട്രംപിന്റെ പ്രതികരണം

പ്രതിഷേധത്തോട് മുഖം തിരിച്ച് നിൽക്കുകയാണ് ട്രംപ്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പതിയെ അയവ് വരുത്താൻ ആലോചനയുണ്ട്. രണ്ടാഴ്ച വീതം നീണ്ടു നിൽക്കുന്ന ഘട്ടങ്ങളായാവും നിയന്ത്രണങ്ങൾ പിൻവലിക്കുകയെന്നാണ് റിപ്പോർട്ട്.

Story Highlights- Lockdown, US, protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here