ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം നല്‍കാന്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി; ഹൈക്കോടതി വിധിയുള്ളതിനാല്‍ നടപ്പിലാകില്ല

സംസ്ഥാനത്ത് ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം നല്‍കാമെന്ന് അബ്കാരി ചട്ടത്തില്‍ ഭേദഗതി. കൊവിഡ് പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസില്‍ നിന്ന് മദ്യം നല്‍കാമെന്ന വ്യവസ്ഥ അബ്കാരി ചട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇത് മറികടക്കാനാണ് നിലവില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.
എന്നാല്‍ അതിനിടയില്‍ തന്നെ ഡോക്ടര്‍മാരുടെ പക്ഷത്ത് നിന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ഉയരുകയും വിഷയം ഹൈക്കോടതിയില്‍ എത്തുകയും ചെയ്തു. ഹൈക്കോടതി മദ്യ വിതരണമെന്ന സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്തു. പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാരിന്റെ അന്നത്തെ തീരുമാനം ഇപ്പോള്‍ ഭേദഗതി ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവ് അനുസരിച്ച് ബിവറേജസ് ഗോഡൗണുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാമെന്നാണ് വ്യവസ്ഥ.
എന്നാല്‍, ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് നടപ്പിലാകില്ല. ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കുന്നവര്‍ക്ക് മദ്യം എക്‌സൈസ് എത്തിച്ചുനല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കേണ്ട മദ്യത്തിന്റെ അളവ് സര്‍ക്കാര്‍ പറയുന്നില്ല. മദ്യാസക്തിക്ക് മദ്യമല്ല പ്രതിവിധി. ഡോക്ടര്‍ മദ്യം നിര്‍ദ്ദേശിച്ച് എക്‌സൈസ് അത് സപ്ലേ ചെയ്യുന്നത് പരിഹാസ്യമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here