Advertisement

തീവ്ര കൊവിഡ് ബാധിത മേഖലകൾ സന്ദർശിച്ച് ഉന്നത നിരീക്ഷകസംഘം തയാറാക്കിയ റിപ്പോർട്ട് ഇന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചേക്കും

April 24, 2020
Google News 1 minute Read

നാല് സംസ്ഥാനങ്ങളിലെ തീവ്ര കൊവിഡ് ബാധിത മേഖലകൾ സന്ദർശിച്ച് ഉന്നത നിരീക്ഷകസംഘം തയാറാക്കിയ റിപ്പോർട്ട് ഇന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചേക്കും. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 21700 ആയി. മരണം 686 ആയി ഉയർന്നു.

മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ജയ്‌പൂർ, മധ്യപ്രദേശിലെ ഇൻഡോർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തീവ്ര കൊവിഡ് ബാധിത മേഖലകളാണ് കേന്ദ്ര നിരീക്ഷക സംഘം നേരിട്ട് സന്ദർശിച്ചത്. റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ കൊവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. മമത സർക്കാർ ആദ്യം കേന്ദ്രസംഘത്തിന്റെ സന്ദർശനത്തെ എതിർത്തെങ്കിലും പിന്നീട് അയഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 2624 ആയി ഉയർന്നു. മരണസംഖ്യ 112 ആയി. ബറോഡയിൽ മൂന്ന് കരസേനാ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്ത് ഡി.ജി.പി ശിവാനന്ദ ഝാക്ക് മൂന്ന് മാസം കൂടി സർവീസ് നീട്ടി നൽകി. രാജസ്ഥാനിൽ മരണം ഇരുപ്പത്തിയെട്ടായി. ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി തയാറാക്കാൻ ആറംഗ ഉന്നത സമിതി രൂപീകരിച്ചു. എൽഎൻജെപി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ 56 പേരെ നിരീക്ഷണത്തിലാക്കി. അതേസമയം, മദ്യഷോപ്പുകൾക്ക് അനുമതി നൽകണമെന്ന പഞ്ചാബ് സർക്കാരിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി.

കഴിഞ്ഞ ദിവസം, മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവാഡിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മന്ത്രിക്ക് രോഗം ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Story Highlights: covid special report may present today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here