ഡൽഹിയിൽ കൊവിഡ് രോ​ഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദം; പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല് കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കിവരുന്നുണ്ട്. പ്രതീക്ഷ നൽകുന്നഫലമാണ് പുറത്തുവരുന്നതെന്നും കേജ്‌രിവാൾ പറ‍ഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണിവ. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. എന്നാൽ പ്രതീക്ഷ നൽകുന്നതാണെന്നും കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ കൊവിഡ് രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയത്.

അതേസമയം, കൊവിഡ് സംശയത്തെ തുടർന്ന് ഡൽഹി എംയിസിലെ ഡോക്ടർമാർ അടക്കം 35 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ആരോ​ഗ്യപ്രവർത്തകരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇവിടെ ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഡൽഹിയിലെ ബിജെആർഎം ആശുപത്രി അടച്ചു. പതിനാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ആശുപത്രി അടച്ചത്. ഡൽഹി ആസാദ് പൂർ മാർക്കറ്റിൽ രണ്ട് കച്ചവടക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 300 കടകൾ അടച്ചു.

Story highlights-covid 19,Aravind kejrival

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top