കൊവിഡ്: കോട്ടയത്ത് പരിശോധനകൾ കർശനമാക്കി ജില്ലാ ഭരണകൂടം

കൊവിഡ് രോഗികളുടെ എണ്ണം മൂന്നായതോടെ കോട്ടയത്ത് പരിശോധനകൾ കർശനമാക്കി ജില്ലാ ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജോലി ചെയ്ത കോട്ടയം മാർക്കറ്റ് അണുവിമുക്തമാക്കി. ഇയാളുമായി സമ്പർക്കത്തിൽ വന്നു എന്ന് കരുതുന്ന 50 പേരുടെ സ്രവങ്ങൾ കൂടി പരിശോധനയ്ക്ക് അയക്കും.
ലോക്ക് ഡൗൺ കാലത്തും ഏറെ തിരക്കുണ്ടായിരുന്ന കോട്ടയം ചന്തയിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ജില്ലയിൽ ഉണ്ടാക്കിയത്. ഇതോടെ ഇന്നലെ ജില്ലാഭരണകൂടം അടച്ചുപൂട്ടിയ കോട്ടയം മാർക്കറ്റ് രാവിലെ അണുവിമുക്തമാക്കി. അഗ്നിശമന സേനയുടെ സഹായത്തോടെ മാർക്കറ്റ് ശുചിയാക്കിയെങ്കിലും ആശങ്കയ്ക്ക് വിരാമമായില്ല. അവശ്യവസ്തുക്കളുടേത് ഉൾപ്പെടെ ഒരു കച്ചവട സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല. ചരക്കുലോറികൾ എത്തിക്കുന്നത് ഇന്നലെ തന്നെ വിലക്കിയിരുന്നു.
പാലക്കാട് നിന്ന് ലോഡുമായി കോട്ടയത്തെത്തി മടങ്ങിയ ഡ്രൈവറിൽ നിന്നാണ് ചുമട്ട് തൊഴിലാളിക്ക് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇത് ഉറപ്പാക്കാൻ ഡ്രൈവറുടെ സ്രവ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന 50 പേരുടെ സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.
തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യ പ്രവർത്തകന് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ ആയിരുന്നതിനാൽ, സമ്പർക്ക പട്ടികയിൽ വരുന്നവരുടെ എണ്ണം കുറവാണ്. ഇത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും ആശ്വാസം പകരുന്നതാണ്. ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറിയതോടെ ജില്ലയിൽ പൊലീസ് പരിശോധന കർശനമാക്കി. സത്യവാങ്മൂലമോ പാസോ ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളും, കോട്ടയം നഗരസഭയിലെ നാല് വാർഡുകളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.
Story highlights-Kottayam, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here