കോട്ടയം ജില്ലയിലെ മൊത്തവ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ മൊത്ത വ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൊത്ത വ്യാപാരികള്‍, ലോറി ഉടമകള്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ലേബര്‍ ഓഫീസര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനങ്ങള്‍

1. കഴിഞ്ഞ ദിവസം അടപ്പിച്ച കോട്ടയം മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

2. എല്ലാ മാര്‍ക്കറ്റുകളിലും പച്ചക്കറികള്‍ പുലര്‍ച്ചെ നാലു മുതലും പലവ്യഞ്ജനങ്ങള്‍ ആറു മുതലുമാണ് ഇറക്കേണ്ടത്.

3. മാര്‍ക്കറ്റുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുറക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

4. ലോഡ് ഇറക്കുന്നതിന് നിയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

5. ലോറി തൊഴിലാളികളും കയറ്റിറക്ക് തൊഴിലാളികളും വ്യാപാരികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.

7. എല്ലാ കടകളിലും ലോറികളിലും സാനിറ്റൈസര്‍ കരുതുകയും തൊഴിലാളികള്‍ക്ക് ഉപയോഗിക്കാനായി നല്‍കുകയും വേണം. ഇതിന് കടയുടമകള്‍ നടപടി സ്വീകരിക്കണം.

8. ലോറി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം പൊതിയായി കടയുടമകള്‍ ലഭ്യമാക്കണം. യാതൊരു കാരണവശാലും ലോറിത്തൊഴിലാളികള്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത്. ലോഡ് ഇറക്കികഴിഞ്ഞാലുടന്‍ ലോറികള്‍ മാര്‍ക്കറ്റുകളില്‍നിന്ന് പുറത്തുപോകണം.

7. ലോറി തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സ്ഥലവും ശുചിമുറികളും ക്രമീകരിക്കുകയും ഓരോരുത്തരും ഉപയോഗിച്ച ശേഷം ഇവ അണുനശീകരണം നടത്തുകയും ചെയ്യണം. ശുചിമുറികളുടെ മുന്‍വശത്ത് വിവിധ ഭാഷകളില്‍ ശുചിത്വ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

8. തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ ബോധവത്കരണം ഊര്‍ജ്ജിതമാക്കും.

9. ജില്ലയില്‍ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ലോറികളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും.

Story Highlights: coronavirus, kottayam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top