സ്വയം പര്യാപ്തതയുണ്ടാകണം എന്ന പാഠമാണ് കൊറോണവൈറസ് രോഗബാധ നല്‍കുന്നത് : നരേന്ദ്രമോദി

കൊവിഡ് 19 രോഗം സ്വയംപര്യാപ്തതയുടെ പാഠം കൂടി നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചായത്തീരാജ് ദിനവുമായി ബന്ധപ്പെട്ട് സര്‍പഞ്ചുമാരുമായി വിഡിയോ കോണ്‍ഫറസിംഗിലൂടെ
സംസാരിക്കുമ്പോളാണ് കൊവിഡ് രാജ്യത്ത് സ്വയംപര്യാപ്തതയുടെ പാഠമാണെന്ന് നരേന്ദ്രമോദി പറഞ്ഞത്. പഞ്ചായത്തീരാജ് ദിനത്തില്‍ പഞ്ചായത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനും വെബ് പോര്‍ട്ടലുമായ ഇ-ഗ്രാം സ്വരാജ് ആപ്പും പോര്‍ട്ടലും മോദി ഉദ്ഘാടനം ചെയ്തു. നിലവില്‍ രാജ്യത്തെ പകുതിയോളം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ സംവിധാനമുണ്ട്. ഇത് വഴി ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നത് സാങ്കേതികവിദ്യയുടെ ഗുണമാണെന്നും മോദി പറഞ്ഞു.

”സ്വയം പര്യാപ്തതയുണ്ടാകണം എന്ന പാഠമാണ് കൊറോണവൈറസ് രോഗബാധ നല്‍കുന്നത്. എല്ലാ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാല്‍ ജനാധിപത്യം സുശക്തമാകും. ഇ – ഗ്രാം സ്വരാജ് ആപ്ലിക്കേഷനിലൂടെ സുതാര്യത ഉറപ്പാകും. രേഖകള്‍ സൂക്ഷിക്കുന്നത് എളുപ്പമാകും. പദ്ധതികള്‍ പെട്ടെന്ന് നടപ്പാക്കാനാകും എന്നും മോദി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ സൗമിത്ര യോജന പ്രകാരം ഓരോ വില്ലേജിലെയും ഡ്രോണ്‍ മാപ്പിംഗ് പൂര്‍ത്തിയാക്കുകയും ഭൂരേഖകള്‍ അവിടത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ഇത് അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ഭൂമി പണയം വച്ചുള്ള ലോണ്‍ ലഭ്യത എളുപ്പമാക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു.

പ്രശ്‌നങ്ങളുണ്ടാകുമ്പോഴേ, അതിനെ മറികടക്കാനുള്ള ആത്മവിശ്വാസം നമുക്കുണ്ടാകൂ. അത്തരം ആത്മവിശ്വാസമാണ് ഇന്ത്യയിലെ ഗ്രാമങ്ങള്‍ നല്‍കിയത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നോ ക്വാറന്റീന്‍ എന്നോ വലിയ വാക്കുകള്‍ ഉപയോഗിക്കാതെ രണ്ടടി ദൂരം എന്ന ചെറിയ വാക്കിലൂടെ രാജ്യത്തെ ഗ്രാമങ്ങള്‍ പ്രശ്‌നങ്ങളെ നേരിട്ടു. തീര്‍ച്ചയായും ഇനിയും പ്രശ്‌നങ്ങളും പ്രതിസന്ധിയുമുണ്ടാകുമെന്നും, അതിനെയെല്ലാം രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.

Story highlights-P M Modi,coronavirus crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top