യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരായ വധശ്രമം; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈല്‍ ഹസനെ വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. കറ്റാനം കുഴിക്കാല തറയിൽ സതീഷ് (43), ഇലിപ്പക്കുളം അരീപ്പുറത്ത് എ.എം.ഹാഷിം (44) എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ ഹസനെ വെട്ടിവീഴ്ത്താനുപയോഗിച്ച വടിവാള്‍ അന്വേഷണസംഘം കണ്ടെടുത്തു.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ബൈക്കിലെത്തിയ മുഖംമൂടി സംഘം യൂത്തുകോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസനെ വെട്ടിവീഴ്ത്തിയത്. സതീഷും മറ്റൊരാളുമാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആസൂത്രണ സംഘത്തിലെ അംഗമെന്ന് കണ്ടെത്തിയാണ് മങ്ങാരം സ്വദേശി എ.എം.ഹാഷിമിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ ഫോൺ രേഖകൾ ഉൾപ്പെടെ ശാസ്ത്രീയമായി തെളിവുകളെല്ലാ ശേഖരിച്ചു കഴിഞ്ഞതായി പൊലീസ് പറഞ്ഞു. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്കെടുത്ത മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെയെല്ലാം ഉടൻ അറസ്റ്റുചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴുത്തിന് സാരമായി വെട്ടേറ്റ സുഹൈല്‍ ഹസല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here