രോഗിക്ക് മരുന്നു വാങ്ങാന്‍ പോയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ പൊലീസ് മര്‍ദിച്ചതായി പരാതി

രോഗിക്ക് മരുന്നു വാങ്ങാന്‍ പോയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ പൊലീസ് മര്‍ദിച്ചതായി പരാതി. കൊല്ലം കടയ്ക്കലിലെ സിഐ രാജേഷിനെതിരെയാണ് ആരോപണം. എന്നാൽ കൂട്ടംകൂടി നിന്നവരെ വിരട്ടി ഓടിക്കുക മാത്രമായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

കൊല്ലം കടയ്ക്കല്‍ ഫയര്‍ സ്റ്റേഷനിലെ ബീറ്റ് ഓഫീസറായ നിഷാലിനെ അകാരണമായി മർദിച്ചു എന്നാണ് പരാതി ഉയരുന്നത്. കുമ്മിളിലുള്ള മാനസിക രോഗിക്ക് മരുന്ന് അത്യാവശ്യമാണെന്ന് ഫയർ സ്റ്റേഷനിലേക്ക് ഫോണ്‍ വന്നു. ഇതിനെ തുടര്‍ന്ന് മരുന്നിന്റെ കുറിപ്പടി വാങ്ങാനായി നിഷാല്‍ സ്വന്തം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. വഴി വക്കില്‍ കാത്തു നിന്ന രോഗിയുടെ ബന്ധുവില്‍ നിന്നു കുറിപ്പടി വാങ്ങുന്നതിനിടെ പൊലീസ് വാഹനം പാഞ്ഞെത്തി. വണ്ടിയില്‍ നിന്നു ഇറങ്ങിയ സിഐ വിശദീകരണം ഒന്നും ചോദിക്കാതെ ചൂരല്‍ കൊണ്ട് അടിച്ചെന്നാണ് പരാതി.

സിഐയ്ക്കെതിരെ നടപടി വേണമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് നിഷാൽ പറഞ്ഞു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് നിഷാല്‍. അതേസമയം,  ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ മർദിച്ചിട്ടില്ലെന്നും, അകാരണമായി കൂട്ടം കൂടിയത് വിലക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

Story highlights- fire force officer, beaten up by police

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top