കണ്ണൂരിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് പെരിങ്ങത്തൂർ സ്വദേശിക്ക്

കണ്ണൂരിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് പെരിങ്ങത്തൂർ സ്വദേശിയായ 20കാരന്. നേരത്തെ രോഗം സ്ഥിരീകരിച്ച അയൽക്കാരനിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ദുബായിൽ നിന്ന് വന്ന അയൽക്കാരന് ഇക്കഴിഞ്ഞ 21നാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി.

അതിനിടെ രണ്ട് പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. നിസാമുദീനിൽ നിന്ന് തിരികെയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച മാടായി സ്വദേശിയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഇയാളുടെ ഭാര്യയുമാണ് ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 56 ആയി. 56 പേർ ചികിത്സയിലുമുണ്ട്. ജില്ലയിൽ 120 പേർ ആശുപത്രികളിലും 2591 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 261 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുമുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരുടേയും അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേയുംസ്രവ പരിശോധന ഏറെക്കുറേ പൂർത്തിയായി. സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിൾ പരിശോധനയും തുടങ്ങിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top