കോട്ടയം ജില്ലയിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ അമ്മയ്ക്കും രോഗബാധ

കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്. മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകന്റെ മാതാവ് (60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

ഇന്ന് രോഗം സ്ഥിരീകരിച്ച മണർകാട് സ്വദേശി അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ്. മാർച്ച് 25ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ ശേഷം ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം വീട്ടിൽ 28 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയെന്നാണ് വിവരം. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുൻപാണ് ഷാർജയിൽ നിന്ന് എത്തിയത്.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് പരിഗണിച്ചാണ് മാതാവിന്റെ സാമ്പിൾ എടുത്തത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

നേരത്തെ ഇടുക്കി ജില്ലയിൽ വച്ച് പാലാ സ്വദേശിനി, കോട്ടയം മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ എന്നിവരിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ആറ് പേരും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സാ വിഭാഗത്തിലാണ്.

Story highlights- kottayam,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top