പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം; ചികിത്സയിൽ പിഴവ് എന്ന ആരോപണവുമായി കുടുംബം

കോട്ടയം ഏറ്റുമാനൂരിൽ പ്രസവത്തെ തുടർന്ന് അധ്യാപിക മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം. ചികിത്സാ പിഴവ് കാരണമാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പേരൂർ തച്ചനാട്ടേൽ അഡ്വ. ടി എൻ രാജേഷിന്റെ ഭാര്യയായ ജി എസ് ലക്ഷ്മിയാണ് (41) മരിച്ചത്. പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമായിരുന്നു മരണം. അരീപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്. ബന്ധുക്കൾ സംഭവത്തിൽ പൊലീസിൽ പരാതി നൽകി. ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലക്ഷ്മി ഇന്നലെ നാലര മണിയോടെ പെൺകുഞ്ഞിനെ പ്രസവിച്ചു. സാധാരണ പ്രസവമാണെന്നും അമ്മക്കും കുഞ്ഞിനും സുഖമാണെന്നുമാണ് ഡോക്ടർ കുടുംബത്തോട് പറഞ്ഞത്.
അഞ്ചരയോടെ അമ്മയ്ക്ക് രക്തസ്രാവം തുടങ്ങി. രക്തമാവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും അതിനിടയിൽ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതർ പറഞ്ഞു. രക്തസ്രാവം നിൽക്കാത്തതിനാൽ ഗർഭപാത്രം നീക്കം ചെയ്‌തെന്ന് പിന്നീട് ഡോക്ടർ അറിയിച്ചു. ശേഷം ലക്ഷ്മി മരിച്ചുവെന്നാണ് കുടുംബത്തിന് വിവരം കിട്ടിയത്. ലക്ഷ്മിക്ക് ഒരു മകൾ കൂടിയുണ്ട്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി.
Story highlights-woman died after giving birth to child in hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here