ട്രംപിന്റെ വിചിത്ര പരാമർശം; ന്യൂയോർക്കിൽ മാത്രം അണുനാശിനി കുടിച്ചത് 30 ആളുകൾ

കൊറോണ വൈറസിനെ തുരത്താൻ അണുനാശിനി ശരീരത്തിലേക്ക് കുത്തിവെക്കണമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശത്തെ തുടർന്ന് ന്യൂയോർക്കിൽ മാത്രം റിപ്പോർട്ട് ചെയ്തത് 30 കേസുകൾ. പരാമർശത്തിനു ശേഷം 18 മണിക്കൂറിനിടെ 30 ആളുകൾ വീട് വൃത്തിയാക്കാനുപയോഗിക്കുന്ന സാധാരണ അണുനാശിനി കുടിച്ചു എന്നാണ് റിപ്പോർട്ട്. ‘ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ്’ ആണ് ആരോഗ്യവിഭാഗത്തിലെ ഉപവിഭാഗമായ പോയ്സൺ കൺട്രോൾ സെന്റിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കും വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്കും ഇടയിലാണ് ഇത്രയധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കൂടുതൽ ആളുകളും ലൈസോൾ ആണ് കുടിച്ചത്. ചിലർ ബ്ലീച്ച് കുടിച്ചപ്പോൾ മറ്റ് ചിലർ ടുകളിൽ ഉപയോഗിക്കുന്ന മറ്റ് അണുനാശിനികളുമാണ് കുടിച്ചത്. അതേ സമയം, ഇവരിൽ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ മരണം റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.
ട്രംപിൻ്റെ പ്രസ്താവനക്ക് ശേഷം അണുനാശിനികൾ കുടിക്കുന്നതും കുത്തിവെക്കുന്നതും അപകടമാണെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അണുനശീകരണികൾ നിർമിക്കുന്ന ഡെറ്റോൾ, ലൈസോൾ തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങൾ ഒരു കാരണവശാലും കഴിക്കുകയോ കുത്തിവെക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ചത്.
ഇന്നലെയാണ് കൊവിഡിനെ അകറ്റാൻ അണുനാശിനി പരീക്ഷിക്കാമെന്ന വിചിത്ര വാദവുമായി ട്രംപ് എത്തിയത്. ‘അൾട്രാ വയലറ്റ് വെളിച്ചമോ മറ്റേതെങ്കിലും ശക്തിയേറിയ വെളിച്ചമോ ശരീരത്തിലേക്ക് നേരിട്ട് അടിക്കുകയാണെന്ന് വിചാരിക്കുക. അത് പരിശോധിച്ചിട്ടില്ലെന്നും പരിശോധിക്കുന്നത് ആലോചനയിൽ ഉണ്ടെന്നുമല്ലേ പറഞ്ഞത്? ഇനി ഈ വെളിച്ചം തൊലിയിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങൾ വഴിയോ ശരീരത്തിനുള്ളിലെത്തി എന്ന് കരുതുക. നിങ്ങൾ അതും പരീക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്. അത് കൊള്ളാം. അണുനാശിനികൾ വൈറസിനെ ഒരു മിനിട്ട് കൊണ്ട് പുറത്തു ചാടിക്കുമെന്ന് എനിക്കറിയാം. അണുനാശിനികൾ കുത്തിവയ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാലോ? അത് പരീക്ഷിക്കുന്നതും നന്നാവും. നോക്കൂ, അണുനാശിനി ശ്വാസകോശത്തിൽ എത്തിയാലോ? അതൊക്കെ അറിയാൻ എനിക്ക് താത്പര്യമുണ്ട്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷേ, കാര്യങ്ങൾ അറിയാവുന്ന ഒരാളാണ്.”- ട്രംപ് പറഞ്ഞു.
Story Highlights: 30 people drank disinfectants after trumps comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here