Advertisement

രാജ്യത്ത് കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളെന്ന് പ്രധാനമന്ത്രി

April 26, 2020
Google News 2 minutes Read

രാജ്യത്ത് കൊറോണയ്ക്കെതിരേ നടക്കുന്ന പോരാട്ടം നയിക്കുന്നത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ ആയിരുന്നു ജനങ്ങളെ അഭിനന്ദിച്ച് മോദി സംസാരിച്ചത്. ഈ പോരാട്ടത്തിൽ ജനങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചു നിൽക്കുകയാണെന്നും ഓരോ പൗരനും ഈ യുദ്ധത്തിൽ പടയാളികളാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ മഹാമാരിയുടെ കാലത്ത് ഒരാൾ പോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് രാജ്യത്തെ കർഷകരെന്നായിരുന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഓരോരുത്തരും തങ്ങളുടെ കഴിവിനൊത്ത് കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ മുന്നോട്ടു വരണമെന്നും മോദി അഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിട്ടുള്ള സന്നദ്ധപ്രവർത്തകർ, സംഘടനകൾ, പ്രാദേശിക ഭരണ സംവിധാനങ്ങൾ എന്നിവരെ ഏകോപിപ്പിക്കാൻ കോവിഡ് വാരിയേഴ്സ് എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കിയിട്ടുണ്ട്. ഇതിൽ ഡോക്ടർമാർ, നഴ്സുമാർ, എൻസിസി കേഡറ്റുകൾ തുടങ്ങി ഒന്നേകാൽ കോടി ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും ഈ പോരാട്ടത്തിൽ പങ്കാളികൾ ആകാൻ ആഗ്രഹിക്കുന്നവർ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്.

മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മൻ കി ബാത്തിലൂടെ വീണ്ടും ജനങ്ങളെ പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡ് 19 മൂലം മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. മാസ്‌ക് ധരിക്കുന്നതിനർത്ഥം നിങ്ങൾക്ക് രോഗമുണ്ടെന്നല്ല. പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. രോഗങ്ങളിൽ നിന്നു നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്; പ്രധാനമന്ത്രി ഉപദേശിച്ചു. പൊതുസ്ഥലത്ത് തുപ്പുന്നത് നനിർബന്ധമായും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുസ്ഥലത്ത് തുപ്പുന്നതിന്റെ ദൂഷ്യങ്ങൾ ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും ഈ ദുശ്ശീലം അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.

ഈ റംസാൻ കാലത്ത് ഈദിനു മുമ്പ് ലോകം കൊറോണ മുക്തമാകാൻ പ്രാർത്ഥിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് ഈ പോരാട്ടത്തിന് കരുത്തു പകരാൻ എല്ലാവരും മുന്നോട്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരേ ആക്രമണം നടക്കുന്നവർക്കെതിരേ കർശന ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസാണ് കൊണ്ടു വന്നിരിക്കുന്നതെന്നും ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർ സംതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡിനെതിരെയുള്ള സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

Story highlights-Prime Minister says everyone is involved in the fight against corona in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here