കൊവിഡ് മുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഓഫീസിൽ; രോഗ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

കൊവിഡ് രോഗമുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഓഫീസിൽ. രാവിലെ ഡൗണിംഗ് സ്ട്രീറ്റിലെ ഓഫീസിൽ തിരികെയെത്തി ഔദ്യോഗിക കാര്യങ്ങൾ ബോറിസ് ജോൺസൺ കൈകാര്യം ചെയ്യാൻ തുടങ്ങി. കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഒരുമിച്ച് ശ്രമിച്ചാൽ 12 ആഴ്ചകൾ കൊണ്ട് രാജ്യത്തെ കൊവിഡ് മുക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജോൺസനാണ് ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിന്റെ അധ്യക്ഷനായത്. ഇനി മുതൽ താൻ രാജ്യത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നേരിട്ട് നേതൃത്വം നൽകുമെന്ന് ഡൗൺ സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും അത് പരിഗണിക്കില്ല.

പദവിയിൽ നിന്ന് ദീർഘകാലം മാറിനിൽക്കേണ്ടി വന്നതിൽ ജോൺസൺ ജനങ്ങളോട് ക്ഷമ ചോദിച്ചു. വീട്ടിലിരിക്കുന്ന ആളുകളോട് അത് തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ക് ഡൗണിലൂടെ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പ്രതിനിധികൾ ചോദിച്ചപ്പോൾ നിയന്ത്രണങ്ങൾ നീക്കാനുള്ള സമയമല്ല ഇതെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥ മുന്നോട്ട് നീങ്ങണമെന്നാണ് തന്റെയും ആഗ്രഹമെന്നും എന്നാൽ ജനങ്ങളുടെ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യമെന്നും പ്രധാനമന്ത്രി.

ഈ മാസം 5-ാം തീയതിയാണ് കോവിഡ് രോഗലക്ഷണത്തെ തുടർന്ന് ജോൺസനെ ആശുപത്രിയിലാക്കിയത്. മൂന്ന് ദിവസം ഐസിയുവിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപ് രോഗമുക്തി നേടി ആശുപത്രി വിട്ടു. തുടർന്ന് ചെക്കേഴ്‌സിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.

Story highlights-covid 19,boris johnson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top