കൊവിഡ് : രാജ്യത്ത് 24 മണിക്കൂറിനിടെ 1463 പുതിയ കേസുകള്‍, 60 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29000 ലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 1463 പുതിയ കേസുകളും 60 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 28,380 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. 886 പേര്‍ മരിച്ചു. സുപ്രിംകോടതി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് റജിസ്ട്രാര്‍മാരെ നിരീക്ഷണത്തിലാക്കി. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അതേസമയം, റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളില്‍ 22.17 ശതമാനം പേര്‍ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 16 ജില്ലകളില്‍ 28 ദിവസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25 സംസ്ഥാനങ്ങളിലെ 85 ജില്ലകളില്‍ 28 ദിവസമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലര്‍ ചികിത്സയ്ക്ക് മുന്നോട്ട് വരുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കുടുംബത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കും. പോരാട്ടം രോഗത്തോടാണെന്നും രോഗിയോടല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഗുജറാത്തില്‍ പോസിറ്റീവ് കേസുകള്‍ 3500 കടന്നു. ഇന്ന് 247 പുതിയ കേസുകളും 11 മരണം റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍ മാത്രം ഇതുവരെ സ്ഥിരീകരിച്ചത് 2378 കേസുകളാണ്. ഡല്‍ഹിയില്‍ എട്ട് മലയാളി നഴ്സുമാര്‍ക്കും, അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പട്പഡ്ഗഞ്ചിലെ മാക്‌സ് ആശുപത്രിയില്‍ മാത്രം ഇതുവരെ 13 മലയാളി നഴ്സുമാര്‍ക്ക് അടക്കം 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അംബേദ്ക്കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ കണ്ടെത്തി. രാജസ്ഥാനില്‍ 49 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് പേര്‍ മരിച്ചു. ബംഗളൂരുവില്‍ 50കാരനായ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ 52 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 47ഉം ചെന്നൈയിലാണ്.

 

Story Highlights- covid19, coronavirus, india update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top