കുടുംബ വരുമാനമായ 3000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഗണേശൻ

സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ആകെ മാസവരുമാനമായ 3000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി തിരുവല്ല പൊടിയാടി ലക്ഷ്മീഭവന്‍ വീട്ടില്‍ ഗണേശനും കുടുംബവും. മാനസിക വിഷമതകള്‍ അനുഭവിക്കുന്ന ഗണേശന് 1200 രൂപയാണ് സാമൂഹ്യ ക്ഷേമപെന്‍ഷനായി പ്രതിമാസം ലഭിക്കുന്നത്. ഇതിനൊപ്പം ഭിന്നശേഷിക്കാരിയായ മകള്‍ നീതു ഗണേശന് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ 1200 രൂപയും, ഇവരെ പരിചരിക്കുന്ന ഗൃഹനാഥ ഗീത ഗണേശന്റെ കൈവശമുണ്ടായിരുന്ന 600 രൂപയും ചേര്‍ത്ത് കുടുംബത്തിന്റെ ആകെ മാസ വരുമാനമായ 3000 രൂപയും ഇവര്‍ സംഭാവന നല്‍കി. സര്‍ക്കാര്‍ രണ്ടു തവണകളായി ആറു മാസത്തെ പെന്‍ഷന്‍ നല്‍കിയപ്പോള്‍ കുടുംബമായി എടുത്ത തീരുമാനമാണ്, ഒരു മാസത്തെ മുഴുവന്‍ വരുമാനവും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്നത്.

കഴിഞ്ഞ വര്‍ഷം ലഭിച്ച വിഷുകൈനീട്ടം സൂക്ഷിച്ചുവച്ചിരുന്ന മൂന്നാം ക്ലാസുകാരി വൈഗ പി. മനോജും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കുരുന്നു വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനെ അഭിനന്ദിച്ചിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മകള്‍ വൈഗ സ്വന്തം തീരുമാനപ്രകാരം തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് അറിയിക്കുകയായിരുന്നെന്ന് അച്ഛന്‍ പി.എസ് മനോജ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിഷു കൈനീട്ടം ലഭിച്ച 1,290 രൂപയും ഈവര്‍ഷം കൈനീട്ടം ലഭിച്ച 150 രൂപയും ചേര്‍ത്ത് 1,440 രൂപയാണ് വൈഗ പി മനോജ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ലോക്ക്ഡൗണായതിനാൽ വിഷുവിന് ബന്ധു വീടുകളില്‍ പോകാന്‍ കഴിയാത്തതു മൂലമാണ് ഈ വര്‍ഷത്തെ കൈനീട്ട തുക കുറഞ്ഞതെന്ന് കുഞ്ഞു വൈഗ പറഞ്ഞു.

തിരുവല്ല നിയോജക മണ്ഡലത്തിലെ നിരവധി കുട്ടികള്‍ വിഷു കൈനീട്ടമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കുറ്റൂര്‍ വഞ്ചിമലയില്‍ നിരഞ്ജന, സായിലക്ഷ്മി, ആവണി, അമേയ എന്നീ കുട്ടികള്‍ അവര്‍ക്കു കിട്ടിയ വിഷുകൈനീട്ടം 5150 രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കവിയൂരിലെ ശിവാനി, ആദര്‍ശ്, ആഷിക്, അനാമിക, നിതിന്‍, ദുര്‍ഗ, ആനിദേവ് എന്നീ കുട്ടികള്‍ വിഷുകൈനീട്ടമായി കിട്ടിയ 2000 രൂപ ദുരിതാശ്വാസനിധിയിലേക്കി നല്‍കി. കവിയൂരിലെ അമ്മ ബജറ്റ് ഹോട്ടലിന്റെ ഒരു ദിവസത്തെ വരുമാനം 3500 രൂപയും സംഭാവന നല്‍കി.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top