സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊവിഡ് പ്രതിസന്ധിയുടെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ജീവനക്കാരുടെ അനുമതിയില്ലാതെ നടപ്പാക്കുന്ന നിർബന്ധിത സാലറി കട്ട് നിയമവിരുദ്ധമാണെന്നും അതിനാൽ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജികളിൽ ആവശ്യപ്പെടുന്നത്.

ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ഇക്കൂട്ടത്തിലുണ്ട്. ശമ്പളം
മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുമെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

അതേസമയം, ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കുമ്പോൾ ആകെ ഒരു മാസത്തെ വേതനമാണ് നഷ്ടമാകുന്നത്. കേന്ദ്രസർക്കാർ 12 മാസം ഒരു ദിവസത്തെ ശമ്പളം വീതം നൽകാനാണ് ജീവനക്കാരോട് അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ, താത്പര്യമില്ലാത്തവർക്ക് ശമ്പളം നൽകാതിരിക്കാൻ അവസരമുണ്ട്. കേരളത്തിൽ ഇത്തരമൊരു അവസരമില്ല. ജീവനക്കാരുടെ അനുമതിയില്ലാതെയാണ് നിർബന്ധിത സാലറി കട്ടെന്നും അതിനാൽ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്.

Story highlights-HighCourt ,government employees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top