ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഐഎംഎ

ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടുന്നതാണ് അഭികാമ്യമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കണം. ഏലപ്പാറയിൽ ഡോക്ടർക്ക് രോഗബാധയുണ്ടായത് ഇത്തരത്തിലാണെന്നും ഐഎംഎ. സ്വകാര്യമേഖലയിലും ടെസ്റ്റിംഗ് സൗകര്യങ്ങൾ ലഭ്യമാക്കണം. പ്രവാസികളെ തിരികെ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഐസൊലേഷൻ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും രോഗലക്ഷണമില്ലാത്തവരെ ഒരു കാരണവശാലും വീടുകളിൽ അയക്കരുതെന്നും ഐഎംഎ നിർദേശിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്ന് വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.
Story highlights-lockdown,IMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here