സംസ്ഥാനത്ത് രണ്ട് ജില്ലകൾ കൂടി റെഡ് സോണിൽ

സംസ്ഥാനത്ത് രണ്ട് ജില്ലകൾ റെഡ് സോണിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയവും ഇടുക്കിയുമാണ് റെഡ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്നാണ് ഇരു ജില്ലകളെയും റെഡ് സോൺ ആക്കി പ്രഖ്യാപിച്ചത്. നേരത്തെ നാല് ജില്ലകളാണ് റെഡ് സോണിൽ ഉണ്ടായിരുന്നത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് നേരത്തെ റെഡ് സോണിൽ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയം, ഇടുക്കി ജില്ലകളിൽ തുടർച്ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 24 കേസുകളാണ് ജില്ലകളിൽ സ്ഥിരീകരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ആക്കിയതായി മുഖ്യമന്ത്രി അറിയിച്ചത്. നേരത്തെ തന്നെ ജില്ലകളിലെ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചിരുന്നു.

കോട്ടയം ജില്ലയിൽ പനച്ചിക്കാട്, വിജയപുരം, മണർകാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിൽ ഉൾപ്പെട്ട 2, 20, 26, 36,37 വാർഡുകളും തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ പ്രദേശങ്ങളുമാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ.

ഇടുക്കിയിലാവട്ടെ, വണ്ടൻമേട്, ഇരട്ടയാർ എന്നീ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളാണ്.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നു വീതം ആളുകൾക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

Story Highlights: kottayam and idukki in red zone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top