മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നൂറ്റിമൂന്നാം വയസിലേക്കു കടക്കുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഈ പ്രായത്തിലും കര്‍മനിരതനായിരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു എന്നത് സമൂഹത്തിനാകെ ആഹ്ലാദകരമാണ്. സമൂഹത്തിനാകെ അനുഗ്രഹമാവുന്ന വിധത്തിലാണ് അദ്ദേഹം ജീവിതം നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മീയരംഗത്ത് വ്യാപരിക്കുമ്പോള്‍ത്തന്നെ ഭൂമിയിലെ ഈ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള കര്‍മപരിപാടികള്‍ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കി. ഒരു സങ്കുചിതത്വത്തിനും വിധേയരാകാതെ മനുഷ്യരെയാകെ, പ്രത്യേകിച്ച് ജീവിക്കാന്‍ വിഷമിക്കുന്ന നിസ്വജനവിഭാഗത്തെയാകെ ഒന്നായി കാണണമെന്നും കാരുണ്യത്തോടെ അവരെ സഹായിക്കണമെന്നും ക്രിസോസ്റ്റം പഠിപ്പിക്കുന്നുണ്ട്. വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടാണ് അദ്ദേഹം അത് പഠിപ്പിച്ചത്. അനാഥരുടെ കണ്ണീരൊപ്പണമെന്നും അവര്‍ക്ക് ആശ്വാസമെത്തിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു.

മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്‍റെയും പാഠങ്ങള്‍ ക്രിസോസ്റ്റം മുൻപോട്ടുവെച്ചു. നാടിന്‍റെ പൊതു കാര്യത്തില്‍ ഭേദചിന്ത മറന്ന് എല്ലാവരും ഒരുമിക്കണമെന്നദ്ദേഹം പഠിപ്പിച്ചു. ഇതിലൊക്കെ സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാണ്. സമൂഹം പുരോഗമനപരമായി മാറേണ്ടതുണ്ട് എന്ന് അദ്ദേഹം ചിന്തിക്കുന്നു എന്നതും വ്യക്തമാണ്. നര്‍മത്തിന്‍റെ മധുരം കലര്‍ത്തി അദ്ദേഹം നിരന്തരം പകര്‍ന്നുതരുന്ന പാഠങ്ങളെ സമൂഹം എന്നും സ്നേഹാദരങ്ങളോടെയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights-Malankara Mar Thoma Church Archbishop, cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top