അന്തര്‍സംസ്ഥാന ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി മാർക്കറ്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും: എറണാകുളം ജില്ലാ കളക്ടർ

അന്തര്‍സംസ്ഥാന ട്രക്ക് തൊഴിലാളികള്‍ക്ക് ജില്ലയില്‍ ഏകീകൃത പെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലാ അതിര്‍ത്തിയില്‍ എല്ലാ ട്രക്ക് തൊഴിലാളികളുടെയും പൂര്‍ണ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വിവിധ വകുപ്പുകള്‍ക്ക് കൈമാറി ഇവരെ നിരീക്ഷിക്കും. മാര്‍ക്കറ്റുകളില്‍ ചരക്കുമായെത്തുന്ന ട്രക്ക് തൊഴിലാളികളെ തദ്ദേശീയരുമായി ഒരുതരത്തിലും ഇടപഴകുവാന്‍ അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം മാര്‍ക്കറ്റില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങള്‍ തുടര്‍ന്ന് ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് നടപ്പാക്കും. ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

കൊവിഡ് രോഗം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ട്രക്ക് തൊഴിലാളികളില്‍ നിന്നും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലായാണ് കര്‍ശന നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ബയോ ടോയ്ലെറ്റുകളടക്കമുള്ള സംവിധാനങ്ങള്‍ മാര്‍ക്കറ്റുകളില്‍ ട്രക്ക് തൊഴിലാളികള്‍ക്കായി ഒരുക്കും. നിലവില്‍ എറണാകുളം മാര്‍ക്കറ്റില്‍ ട്രക്ക് തൊഴിലാളികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ടോയ്ലെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ചരക്കിറക്ക് തൊഴിലാളികള്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. എറണാകുളം മാര്‍ക്കറ്റില്‍ ചുമടിറക്കുന്നതിനായി രാവിലെ മൂന്ന് മുതല്‍ ഏഴ് മണിവരെ സമയം നിശ്ചയിച്ചു. ഏഴ് മണിയോടെ ചരക്കിറക്കൽ പൂര്‍ത്തിയാക്കണം. ചരക്കിറക്കൽ പൂര്‍ത്തിയായ ശേഷം മാത്രമാണ് കടകള്‍ തുറക്കേണ്ടത്. അവശ്യസേവനങ്ങള്‍ക്ക് പോകുന്നവരുടെ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ നിയന്ത്രണം ബാധകമല്ല. ചരക്കിറക്ക് സേവനത്തിനായെത്തുന്ന ചുമട്ടിറക്ക് തൊഴിലാളികളെ പോലീസ് തടയുകയില്ല. മാര്‍ക്കറ്റില്‍ വഴിയോരകച്ചവടം അനുവദിക്കുകയില്ലെന്നും കളക്ടർ അറിയിച്ചു.

Story Highlights- S Suhas,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top