Advertisement

കേരളത്തിലേക്ക് അനധികൃതമായി ആളുകളെ കൊണ്ടുവന്നാല്‍ കര്‍ശന നടപടി: മനുഷ്യക്കടത്തിന് കേസെടുക്കും

April 28, 2020
Google News 1 minute Read

അനധികൃതമായി വാഹനങ്ങളില്‍ ആളുകളെ കര്‍ണടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പിഎസ് സാബു. ഇത്തരകാര്‍ക്കെതിരെ കേസിന് പുറമെ വണ്ടി കണ്ടുകെട്ടുകയും 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും പ്രവേശിപ്പിക്കും. അനധികൃതമായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. വാഹന ജീവനക്കാരെയും യാത്രക്കാരെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ 28 ദിവസം ഐസോലേറ്റ് ചെയ്യും.

കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃതമായി ചരക്ക് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ആളുകളെ കൊണ്ടുവന്നവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കര്‍ണാടകയില്‍ നിന്ന് ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലെക്ക് കൊണ്ട് വരാന്‍ ആള്‍ട്ടോ കാറില്‍ പോയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അടുക്കസ്ഥലയില്‍ നൂറുദ്ദീന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കേരള എപ്പിഡെമിക് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തത്. ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് അനധികൃതമായി ആള്‍ക്കാരെ കൊണ്ടുവരാണ്‍ പോയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോ. ഉദയശങ്കര്‍, ഡ്രൈവര്‍ ധനേഷ് എന്നിവര്‍ക്കെതിരെയും ഓട്ടോറിക്ഷയില്‍ കര്‍ണാടകയില്‍ നിന്ന് ഉക്കിനടുക്കയിലേക്ക് അനധികൃതമായി രണ്ടു സ്ത്രീകളെ കയറ്റി കൊണ്ട് വന്നതിന് സുനില്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു.

കാറില്‍ കര്‍ണാടകയില്‍ നിന്ന് ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതിന് പെര്‍ലയില്‍ നിന്ന് അനില്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു. ലോറികളിലും മറ്റ് വാഹനങ്ങളിലുമായി കര്‍ണ്ണാടകയില്‍ നിന്ന് തലപ്പാടി വഴി കേരളത്തിലേക്ക് വന്ന 10 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കര്‍ണാടക അതിര്‍ത്തികളില്‍ നിന്ന് വനങ്ങളിലൂടെയുള്ള ആളുകളുടെ വരവ് കര്‍ശനമായി തടയുന്നതിനായി വനമേഖലകളില്‍ പരിശോധന ശക്തമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പിഎസ് സാബു അറിയിച്ചു.

 

Story Highlights- covid19, coronavirus, human traffickers to Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here