‘എന്റെ കൊറോണ പോരാളികള്‍’; പത്തനംതിട്ട ജില്ലയിലെ ആദ്യ ഇ പോസ്റ്റ് ടിഎസ് സന്ദീപിന്

ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്കായി തപാല്‍ വകുപ്പ് ആരംഭിച്ച ‘എന്റെ കൊറോണ പോരാളികള്‍’ എന്ന ഇ പോസ്റ്റ് പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. കൊല്ലം കുണ്ടറയില്‍ നിന്നുള്ള ജിയ ജെ മാത്യു എന്ന പത്തുവയസുകാരി വരച്ച കൊറോണ പശ്ചാത്തലമായ ചിത്രമാണ് പത്തനംതിട്ട പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ ടി.എസ് സന്ദീപിന് കൈമാറി. മാസ്‌ക്ക് ധരിച്ച ഭൂമിയും ചുറ്റിനും കോറോണ വൈറസുമാണ് ചിത്രത്തിലുള്ളത്. എല്ലാവരും വീട്ടില്‍ സുരക്ഷിതരായി കഴിയുവാനും ചിത്രത്തിന് താഴെ എഴുതിയിട്ടുണ്ട്. മറ്റൊന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജില്ലാ ഭരണകൂടെത്തെ അഭിനന്ദിച്ചുകൊണ്ട് മുട്ടം പക്കാട്ടുമലയില്‍ നിന്നുള്ള അഞ്ചുവയസുകാരന്‍ മുഹമ്മദ് ഇര്‍ഫാന്റെ കത്താണ്. മറ്റൊന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിന്റെ പേരിലായിരുന്നു ലഭിച്ചത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനും അഭിനന്ദിക്കുന്നതിനും തപാല്‍ വകുപ്പാണ് അവസരം ഒരുക്കിയിരിക്കുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘മൈ കോറോണ വാരിയര്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യമേഖല, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റു സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു എ4 സൈസ് പേപ്പറില്‍ കവിയാതെ കത്ത് എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്ത് epost.tiruvalladop@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം.

കത്ത് കിട്ടേണ്ട വ്യക്തിയുടെ മേല്‍വിലാസം, അയക്കുന്ന കുട്ടിയുടെ മേല്‍വിലാസം, പ്രായം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. തപാല്‍ വകുപ്പ് ഇ-പോസ്റ്റ് സംവിധാനം വഴി കത്തുകള്‍ മേല്‍വിലാസക്കാരന് സൗജന്യമായി എത്തിച്ചു കൊടുക്കും. അവസാന തീയതി മേയ് മൂന്ന്. കൂടുതല്‍ വിവരം 9447595669 എന്ന നമ്പരില്‍ ലഭിക്കും.

Story Highlights- coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top