ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കോളൻ അണുബാധയെ തുടർന്ന് ആശുപത്രയിലായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന തരത്തിൽ ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

സംവിധായകനും നിർമാതാവുമായ സൂജിത്ത് സർക്കാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ‘എന്റെ പ്രിയ സുഹൃത്ത് ഇർഫാൻ ഖാൻ, നിങ്ങൾ പൊരുതി…നിങ്ങളെ കുറിച്ചോർത്ത് എനിക്കെന്നും അഭിമാനമായിരിക്കും. നമ്മൾ ഇനിയും കാണും. സുതാപയ്ക്കും ബപിലുനും അനുശോചനം രേഖപ്പെടുത്തുന്നു. ഈ യുദ്ധത്തിൽ നൽകാൻ സാധിക്കുന്നതെല്ലാം സുതാപ നൽകി. ഇർഫാൻ ഖാന് സല്യൂട്ട്’- സൂജിത്ത് സർക്കാർ ട്വിറ്ററിൽ കുറിച്ചു.

തൊണ്ണൂറുകളിൽ അഭിനയരംഗത്തേക്ക് ചുവടുവച്ച ഇർഫാൻ ഖാൻ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഏക് ഡോക്ടർക്ക് കി മോത്ത് നിരൂപക പ്രശംസ നേടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 2005 ലാണ് ബോളിവുഡ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി ഇർഫാൻ ഖാൻ രംഗപ്രവേശനം ചെയ്യുന്നത്. രോഗ് ന്നെ ചിത്രത്തിലൂടെയായിരുന്നു ഇത്. പിന്നീട് ഹാസിൽ, ലൈഫ് ഇൻ എ മെട്രോ, ക്രേസി 4, ആജാ നച്ച്‌ലെ, ഗുണ്ടേ, ഹിന്ദി മീഡിയം, കാർവാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ തന്നെയെത്തി. അംഗ്രേസി മീഡിയമായിരുന്നു ഇർഫാൻ ഖാന്റെ അവസാന ചിത്രം.

ഹോളിവുഡ് ചിത്രങ്ങളിലടക്കം തന്റെ ഇടം കണ്ടെത്തിയ നടനായിരുന്നു ഇർഫാൻ ഖാൻ. സ്ലംഡോഗ് മില്യണെയർ, ഇൻഫെർണോ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തരാഷ്ട്ര ചലച്ചിത്ര ലോകത്ത് ഇന്ത്യയുടെ മുഖമായി മാറി ഇർഫാൻ.

2011 ൽ പത്മശ്രീ, 2012 മികച്ച നടനുള്ള ദേശിയ പുരസ്‌കാരം എന്നിവയടക്കം ഇർഫാൻ സ്വന്തമാക്കിയത് അൻപതോളം പുരസ്‌കാരങ്ങളാണ്.

Story highlights- Irfan Khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top