Advertisement

വി മുരളീധരൻ പറഞ്ഞത് വിവരക്കേട്; മുഖ്യമന്ത്രി

April 29, 2020
Google News 1 minute Read

സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പരാമർശം വിവരക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി സ്ഥാനത്തിനു ചേർന്ന ഒരു പ്രതികരണമല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

“എവിടെ ആലോചിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്? സാധാരണ ഗതിയിൽ സംസ്ഥാനത്ത് ആലോചിക്കാനുള്ള സംവിധാനമുണ്ട്. ആ ആലോചനകളുടെ ഭാഗമായിട്ടാണ് അങ്ങനെ ഒരു നിലപാട് എടുത്തത്. അവിടെ വലിയ തോതിൽ എണ്ണം വർധിക്കുന്ന നിലയാണ് വന്നത്. അതിൻ്റെ ഭാഗമായിട്ടാണ് അത്തരമൊരു നിലപാടിലേക്ക് പോയത്. അത് നല്ല രീതിയിൽ പടരുന്നത് തടയുന്നതിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല, അത്തരം ഒരു നിലപാട് കേന്ദ്ര മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാവുമെന്നത്. അങ്ങനെ ഉണ്ടായെങ്കിൽ അത് ശുദ്ധ വിവരക്കേടുമാണ്.”- മുഖ്യമന്ത്രി പറഞ്ഞു.

തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം വി മുരളീധരൻ സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയത്. എറ്റവും സുരക്ഷിതമായ ഗ്രീൻ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. പറഞ്ഞുതീരുംമുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറി. ഇത് സംസ്ഥാന സർക്കാരിൻ്റെ ജാഗ്രതക്കുറവാണെന്നായിരുന്നു മുരളീധരൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

മുരളീധരൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

കൊവി‍‍ഡ് മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യമൊന്നാകെ ലോക് ഡൗണിൽ ആയിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി തന്നെ പലതവണ ഓ‍ർമിപ്പിച്ചത്. അവസാനത്തെ രോഗിയും സുഖം പ്രാപിച്ചാലേ രാജ്യം സുരക്ഷിതമായി എന്ന് പറയാനാകൂ. അല്ലാത്തപക്ഷം നാമെല്ലാവരും കൊവിഡ് രോഗത്തിന്റെ നോട്ടപ്പുള്ളികളാണ്. എപ്പോൾ വേണമെങ്കിലും നമ്മെ കീഴ്പ്പെടുത്താൻ വൈറസ് ട്രിഗർ അമ‍ർത്താം. ലോകരാജ്യങ്ങളിൽ പലയിടത്തും നാം ഇത് കണ്ട് കഴിഞ്ഞു. ജാഗ്രതയുടെ കണ്ണൊന്ന് തെറ്റിയാൽ അത് അപകടമാകും.എന്നാൽ ഇക്കാര്യത്തിൽ കേരളത്തിന് പിഴവ് പറ്റിയോ എന്ന് കൂടി ആലോചിക്കേണ്ട സമയമാണ്. രാജ്യമൊന്നാകെ യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ കേരളത്തിലെ ഇടതുസർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നത്.

എറ്റവും സുരക്ഷിതമായ ഗ്രീൻ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോൾ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി ആറുകാരും ആവർത്തിച്ചിരുന്നത്. എന്നാൽ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സർക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല.
മറ്റുളളവർ സർക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട് , കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കൊവിഡ്ടെസ്റ്റുകൾ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കിൽ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം.

അതീവ ജാഗ്രത തുടരാം. അതിൽ വിട്ടുവീഴ്ച ഇനി പാടില്ല.

Story Highlights: cm pinarayi vijayan against v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here