ലാലിനെയും മമ്മൂട്ടിയെയും ആരാധിച്ച ഇര്‍ഫാന്‍

പി പി ജെയിംസ്

ഷാര്‍ജ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത്  പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ ഒഴുകുന്നു

‘ ഞാന്‍ മലയാള സിനിമയെ വല്ലാതെ ഇഷ്ടപ്പെടുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണ് ഞാന്‍.’ മലയാളവും ഹിന്ദിയും കൂട്ടിച്ചേര്‍ത്തുള്ള വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ഗള്‍ഫിലെ മലയാളി സമൂഹം ഏറ്റുവാങ്ങിയത്. ഫ്‌ളവേഴ്‌സിന്റെ
2016 ലെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്ദാന ചടങ്ങായിരുന്നു വേദി. മമ്മൂട്ടിയും കമല്‍ഹാസനും കരിനാ കപൂറും കരിഷ്മാ കപൂറും പൃഥ്വിരാജും ജയറാമും അടക്കം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് അവാര്‍ഡ് സമ്മാനിക്കുമ്പോഴും ആരാധനയും സ്‌നേഹവും മറച്ചുവച്ചില്ല.

അവാര്‍ഡ് ചടങ്ങിലെ തിരക്കിനിടയിലും അല്പനേരം നേരില്‍ സംസാരിച്ചപ്പോഴും സാധാരണക്കാരന്റെ പെരുമാറ്റമായിരുന്നു. ബോളിവുഡിലെ താരജാഡകളൊന്നും തൊട്ടുതീണ്ടിയതായി തോന്നിയിട്ടില്ല. ലോക പ്രശസ്തി നേടിയ സ്ലംഡോഗ് മില്യണേറിലെയും ലൈഫ് ഓഫ് പൈയിലെയും അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തത്വജ്ഞാനിയുടെ മട്ടിലായിരുന്നു മറുപടി. തന്നെപ്പോലെ സാധാരണക്കാരനായ ഒരു നടനെ തേടി വലിയ വേഷങ്ങള്‍ എത്തിയത് യാദൃശ്ചികം എന്നു പറഞ്ഞു. ഹിന്ദിയിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങളുമായി സൗഹൃദം പങ്കിട്ടാണ് ഇര്‍ഫാന്‍ വേദി വിട്ടത്.

ഇര്‍ഫാന്‍ ഖാന്‍ എന്ന ഇന്ത്യയുടെ അഭിമാനമായ ലോകനടന്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഈ അപൂര്‍വ നിമിഷങ്ങള്‍ ഓര്‍ത്തുപോകുന്നു.

‘പിക്കു’ എന്ന ഹിന്ദി സിനിമയില്‍ മഹാനടനായ അമിതാഭ് ബച്ചനോടൊപ്പം എത്ര അനായാസേനയാണ് ഇര്‍ഫാന്‍ അഭിനയിച്ചത്. ഇര്‍ഫാന്റെ മരണംമൂലം ലോകസിനിമയിലേക്ക് ഇന്ത്യ നല്‍കിയ വലിയ നടനെയാണ് നഷ്ടമാകുന്നതെന്ന് അമിതാഭ് സ്മരിച്ചത് വെറുതെയല്ല.

നര്‍ഗീസ് ദത്തിനെയും രാജേഷ് ഖന്നയേയും തട്ടിയെടുത്ത അര്‍ബുദ രോഗം തന്നെയാണ് ഇര്‍ഫാന്റെയും ജീവിതത്തിന് വിലയിട്ടത്. ലോകത്തെ വിറപ്പിക്കുന്ന കൊവിഡ് 19 ന് തൊട്ടുമുന്‍പാണല്ലോ അംഗ്രേസി മീഡിയം എന്ന ഇര്‍ഫാന്റെ ചിത്രമിറങ്ങിയത്. തിയേറ്ററുകള്‍ പൂട്ടിയപ്പോള്‍ ഓണ്‍ലൈനില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നു.

ജയ്പൂരില്‍ മരണമടഞ്ഞ മാതാവിനെ ഒരുനോക്കു കാണാന്‍ പോലും കഴിയാതെ ദുഃഖിതനായിരുന്നു ഇര്‍ഫാന്‍. ഇര്‍ഫാന്റെ അവസാന വാക്കുകളിലൊന്ന് ഹൃദയഭേദകമാണ്.

‘ ജയത്തിനു പിന്നാലെ പോകുമ്പോള്‍, സ്‌നേഹിക്കപ്പെടുക എന്നതിന്റെ യഥാര്‍ത്ഥ വികാരം നാം മറന്നുപോകും. വിഷമകരമായ അവസ്ഥയിലാണ് നാമത് ഓര്‍ക്കുക. എന്റെ ജീവിതത്തിലെ പാദമുദ്രകള്‍ ഇവിടെ ശേഷിച്ചുപോകുമ്പോള്‍, എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നും നന്ദിയുള്ളവനാണ്.’ കൊവിഡ് കാലത്ത് ഇര്‍ഫാനും കണ്ണീരണിയിക്കുന്ന ഓര്‍മയാകുന്നു.

Story Highlights: Irfan Khan,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More