മഹാരാഷ്ട്രയില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്ക വര്‍ധിച്ചു

രോഗബാധിതരുടെ എണ്ണം 9000 കടന്നതോടെ മഹാരാഷ്ട്രയില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്ക വര്‍ധിച്ചു. 24 മണിക്കൂറിനിടെ 729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലും, പൂനെയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 25 പേര് മുംബൈയില്‍ മാത്രം മരിച്ചു. സ്ഥിതി ഗുരുതരമായ ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 300 കടന്നു.
9318 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 400 പേര് മരിച്ചു. സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 729 പോസിറ്റീവ് കേസുകളില്‍ 393 എണ്ണം മുംബൈയിലാണ്, 143 പൂനെയിലും. മുംബൈയില്‍ 5,982 ആയി ഉയര്‍ന്നു രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 244. പൂനെയില്‍ 1491 രോഗബാധിതരും 83 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക അകലാത്ത മേഖലയായി ധാരാവി മാറിക്കഴിഞ്ഞു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ധാരാവിയില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 42 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ 330 ആയി ചേരിയിലെ രോഗബാധിതരുടെ എണ്ണം.
മുകുന്ദ് നഗര്‍, ഇന്ദിരാനഗര്‍, രാജീവ് നഗര്‍, മാട്ടുംഗ് ലേബര്‍ ക്യാമ്പ് എന്നീ മേഖലകളിലാണ് കൂടുതല്‍ രോഗബാധ ഉണ്ടായത്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച മഹീം, ദാദര്‍ മേഖലകളില്‍ പോസിറ്റീവ് കേസുകള്‍ ഇല്ല. ജസ്ലോക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 മലയാളികളടക്കമുള്ള 19 നഴ്സുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായി. 14 ദിവസം നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു. രോഗപ്രതിരോധ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പൊലീസുകാര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ 55 വയസിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍നിന്ന് അവധിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി.
Story Highlights: coronavirus, Covid 19, maharashtra,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here