നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും: പത്തനംതിട്ട കളക്ടര്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. പരിശോധനയുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടും. പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികളിലെ നിലവിലുള്ള സംവിധാനം തുടരുമെന്നും കളക്ടര്‍ പറഞ്ഞു.

പറക്കോട് ചന്തയിലേക്കുവരുന്ന ലോഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും. ലോഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവറിനും ക്ലീനറിനും വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ചന്തയ്ക്കു സമീപംതന്നെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ ആരോഗ്യ പരിശോധനയും ഇവിടെ ലഭ്യമാണ്. ലോഡ് എടുക്കുന്നതിനായി വരുന്ന വാഹനങ്ങള്‍ക്ക് പാസുകള്‍ നല്‍കി ഓരോ വാഹനങ്ങളായി കടന്നുവരാനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

നഗരസഭയിലെ രണ്ടു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ഈ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ എസ്. ബിനു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. രാത്രികാലങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടങ്ങുന്ന സംഘത്തിന്റെ സ്‌ക്വാഡ് പരിശോധന നടത്തും. കടമ്പനാട് പഞ്ചായത്തിലെ പാക്കിസ്ഥാന്‍മുക്ക്, ഒറ്റത്തെങ്ങ്, പനന്തോപ്പ്, ഏഴാം മൈല്‍, മണ്ണാറോഡ്, തെങ്ങമം എന്നീ ജില്ലാ അതിര്‍ത്തികള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ 11 അതിര്‍ത്തികളില്‍ ഒന്‍പതെണ്ണം പൂര്‍ണമായും അടച്ചിട്ടുണ്ട്.

Story Highlights: coronavirus, Pathanamthitta district,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top