നടൻ ഋഷി കപൂർ അന്തരിച്ചു

നടൻ ഋഷി കപൂർ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ എച്ച്എൻ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു.

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സഹോദരൻ റൺധീർ കപൂർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവരുന്നത്. ക്യാൻസർ ബാധിതനായ റിഷി കപൂറിനെ ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒരു വർഷത്തോളമായി യുഎസിൽ ക്യാൻസർ ചികിത്സയിലായിരുന്ന ഋഷി കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തുന്നത്. ഫെബ്രുവരിയിൽ അദ്ദേഹം രണ്ടുതവണ ആശുപത്രിയിലായിരുന്നു. ആദ്യം അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് കടുത്ത പനിയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

ഏറെ നാളായി സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന ഋഷി കപൂർ വീണ്ടും തിരിച്ചെത്തുകയാണെന്നയിരുന്നു റിപ്പോർട്ട്. ദീപിക പദുക്കോണിനൊപ്പമുള്ള അടുത്ത ചിത്രത്തേ കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തിയിരുന്നു. ‘ദി ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് ഇത്.

1970ൽ പുറത്തിറങ്ങിയ മേരാനാം ജോക്കറിൽ ബാലതാരമായാണ് ഋഷി കപൂർ അരങ്ങേറ്റം കുറിച്ചത്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി എത്തിയ ബോബി എന്ന ചിത്രത്തിലാണ് നായക നടനായി അദ്ദേഹം ആദ്യമായി വേഷമിടുന്നത്.

Story highlights- Rishi Kapoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top