സംസ്ഥാനത്ത് രോഗപകര്‍ച്ചയ്ക്ക് പ്രധാന കാരണം അശ്രദ്ധ, അതിനാലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെയുള്ള രോഗികളുടെ വിവരം എടുത്തുനോക്കിയാല്‍ പലതിലും രോഗപകര്‍ച്ചയ്ക്ക് കാരണമായത് അശ്രദ്ധയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിയ ഒരു അശ്രദ്ധ പോലും നമ്മള്‍ ആരെയും കൊവിഡ് രോഗിയാക്കാം. അതുകൊണ്ടാണ് പരുഷമായി പറയേണ്ടിവരുന്നതും നിയന്ത്രിക്കേണ്ടിവരുന്നതും. പൊലീസ് നിയന്ത്രക്കുന്നതില്‍ വിഷമം തോന്നിയിട്ട് കാര്യമില്ല. എന്നാല്‍ ബലപ്രയോഗം ഉണ്ടാകരുത് എന്ന് ശക്തമായി നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടാകണം. ഏതെങ്കിലും തരത്തിലുള്ള അമിതമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനല്ല പൊലീസ് ശ്രമിക്കുന്നത്. നടപ്പാക്കാന്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനാണ് പൊലീസ് തയാറാകുന്നത്. അതുകൊണ്ടുതന്നെ പൊലീസുമായി സഹകരിക്കുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. റോഡുകള്‍ പൂട്ടിയപ്പോള്‍ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് കായല്‍ മാര്‍ഗം ആളുകളെ എത്തിക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടു. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത്തരം അനധികൃത യാത്ര അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top