കൊവിഡ് : രാജ്യത്ത് 24 മണിക്കൂറിനിടെ 1823 പുതിയ കേസുകള്‍, 67 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000 ലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 1823 പുതിയ കേസുകളും 67 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 33,610 ആയി. ആകെ 1075 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളില്‍ 25.19 ശതമാനം പേര്‍ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ സിആര്‍പിഎഫ്, സിഐഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

8373 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 14 ദിവസം കൊണ്ട് രോഗമുക്തി നേടിയവരുടെ നിരക്ക് 13 ശതമാനത്തില്‍നിന്ന് 25.19 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിശോധനയ്ക്കായി ആര്‍ടി-പിസിആര്‍ ടെസ്റ്റ് മാത്രമേ നടത്തുന്നുള്ളൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

313 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ പോസിറ്റീവ് കേസുകള്‍ 4395 ആയി. തമിഴ്നാട്ടില്‍ 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 138 കേസുകള്‍ ചെന്നൈയിലാണ്. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 2323 ആയി. മധ്യപ്രദേശ്- 2625, ഉത്തര്‍പ്രദേശ്-2211 എന്നിങ്ങനെയാണ് ആകെ കൊവിഡ് കേസുകളുടെ എണ്ണം. ഡല്‍ഹി ഹിന്ദു റാവു ആശുപത്രിയില്‍ ഒരു നഴ്സിന് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി മെട്രോയില്‍ സുരക്ഷാചുമതലയുള്ള ഒരു സിഐഎസ്എഫ് ജവാനും, ഡല്‍ഹി മയൂര്‍ വിഹാറിലുള്ള 31 ബറ്റാലിയനിലെ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ആസാദ്പൂര്‍ മണ്ഡിയിലെ നാല് വ്യാപാരികള്‍ക്ക് രോഗബാധ ഉണ്ടായതിനെത്തുടര്‍ന്ന് മാര്‍ക്കറ്റ് അണുവിമുക്തമാക്കി സീല്‍ ചെയ്തു. മാര്‍ക്കറ്റിലെ 47 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top