ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായ ‍കൊവിഡ് രോ​ഗി മരിച്ച നിലയിൽ

ഐസൊലേഷൻ വാർഡിൽ നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ കൊവിഡ് രോ​ഗിയെ മരിച്ച നിലയിൽ‌ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം. സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ രോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിലൊന്നായ മൻ ദർവാജ മേഖലയിൽ നിന്ന് ഏപ്രിൽ 21നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച ഇയാളെ കാണാതായി. പൊലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ചയോടെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊവിഡ് രോ​ഗികളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്ന പതിവില്ലാത്തതിനാൽ കൊവിഡ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി എന്‍സിഎച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു. സുരക്ഷാസംവിധാനങ്ങളോടെ രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top