Advertisement

കൊവിഡ് ; ആറു നിര്‍ദേശങ്ങള്‍ മുന്നോട്ട്‌വെച്ച് നീതി ആയോഗ് സിഇഒ

May 1, 2020
Google News 1 minute Read

കൊവിഡ് 19 മഹാമാരിയെ നേരിടാന്‍ ആറ് നിര്‍ദേശങ്ങളുമായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൊവിഡ് പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നീതി ആയോഗ് സിഇഒ കേന്ദ്രസര്‍ക്കരിന് ആറു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണായി തിരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കര്‍ശന നിയന്ത്രണവും ‘ഹൈപ്പര്‍ ഐസൊലേഷനും’ ഏര്‍പ്പെടുത്തി വൈറസ് വ്യാപനം ഇല്ലതാക്കുക എന്നതാണ് അമിതാഭ് കാന്ത് മുന്നോട്ട് വെക്കുന്ന ആദ്യ നിര്‍ദേശം. റെഡ് സോണല്ലാത്ത മേഖലകളില്‍ നിന്ന് ജോലികളിലേക്കും ദൈനംദിന ജീവിതത്തിലേക്കും മാറുന്നവര്‍ ശാരീരിക അകലം പാലിക്കലും മാസ്‌ക്ക് ധരിക്കലും ജീവിത ശൈലിയുടെ ഭാഗമാക്കുക. കൊവിഡ് 19 വൈറസില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയാലും വീണ്ടും വൈറസ് വ്യാപനം ഉണ്ടാവുമെന്ന് മുന്നില്‍ കണ്ട് വേണം ലോക്ക്ഡൗണിന് ശേഷമുള്ള ജീവിത ശൈലി തീരുമാനിക്കാന്‍. വൈറസ് തിരിച്ച് വരാതിരിക്കാന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ലഘൂകരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നത്.

60 വയസിന് മുകളിലുള്ളവര്‍ക്കും രോഗാവസ്ഥയിലുള്ളവര്‍ക്കും വൈറസ് ബാധ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ അത്തരക്കാരെ അമിതശ്രദ്ധ നല്‍കി പരിചരിക്കുക. പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖം, ഹൃദയസംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവയും ജനിതക രോഗങ്ങളും പ്രശ്‌നങ്ങളുമുള്ളവരില്‍ വൈറസ് ബാധ മരണത്തിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ അപകട സാധ്യതയുള്ള ഈ വിഭാഗക്കാര്‍ക്ക് തുടര്‍ച്ചയായ പരിശോധനയും പരിചരണവും നല്‍കണമെന്നും ആവശ്യപ്പെടുന്നു.

കൊവിഡ് രോഗ ഭീതിയുടെ ശാശ്വതപരിഹാരം വാക്‌സിന്‍ കണ്ടെത്തുക എന്നതാണ്. മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ അംഗീകരിക്കപ്പെട്ട വാക്‌സിന്‍ ഇല്ല എന്നതിനാലാണ് കൊവിഡ് ബാധ ഒരു ഭീഷണിയായി തുടരുന്നത്. ലോക്ക്ഡൗണ്‍ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി വിതരണ ശൃംഖലകള്‍ തുറന്നു കൊണ്ട് സമ്പദ് വ്യവസ്ഥ നിലനിര്‍ത്തുക എന്നതും ആളുകളുടെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അമിതാഭ് കാന്ത് നിര്‍ദേശിക്കുന്നു.

Story highlights-Niti Aayog CEO , covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here