Advertisement

റെഡ്‌സോണിലുള്ള കോട്ടയം ജില്ലയില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കും: മന്ത്രി പി. തിലോത്തമന്‍

May 1, 2020
Google News 1 minute Read

കൊവിഡ് പശ്ചാത്തലത്തില്‍ റെഡ്‌സോണിലുള്ള കോട്ടയം ജില്ലയില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുമെന്ന് മന്ത്രി പി. തിലോത്തമന്‍. കോട്ടയം ജില്ലയില്‍ രോഗപ്രതിരോധത്തിനായി അതീവ ജാഗ്രത തുടരാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്റ് മേഖലയിലും ഹോട്ട് സ്‌പോട്ടുകളിലും ഇതിനു പുറത്തുള്ള മേഖലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കാനും ധാരണയായി. ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അല്‍ക്കേഷ് കുമാര്‍ ശര്‍മയും യോഗത്തില്‍ പങ്കെടുത്തു.

വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും. ഇതിനായി 65 വയസിനു മുകളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കും. രോഗത്തിന് വിട്ടുകൊടുക്കാതെ അവരെ പ്രത്യേകം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

നിയന്ത്രണങ്ങളുള്ള മേഖലകളില്‍ പുറത്തിറങ്ങുവാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകും. നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ ജില്ലകളിലും ഈ രീതിയിലായിരിക്കും ക്രമീകരണം.

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരം നല്‍കുന്നതിനൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് ജില്ലയില്‍ മതിയായ സൗകര്യങ്ങളൊരുക്കണം. ക്വാറന്റീനില്‍ താമസിപ്പിക്കുന്നതിന് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താം. കോട്ടയത്തെ വീണ്ടും ഗ്രീന്‍ സോണാക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കണ്ടെത്തുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ നവീകരണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം.

അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കണം. തൊഴിലാളികളുടെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എഡിഎം അനില്‍ ഉമ്മന്‍, അഡീഷണല്‍ എസ്പി എ. നസീം, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: coronavirus, kottayam,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here