ഇതരസംസ്ഥാന തൊഴിലാളികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി

സ്വദേശത്തേക്ക് മടങ്ങാന്‍ താത്പര്യമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തുന്നതിന് എല്ലാ മേഖലകളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചു.
പഞ്ചായത്ത്, റവന്യൂ, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് തഹസില്‍ദാര്‍മാരാണ്. വിവരശേഖരം ഇന്നുതന്നെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ തൊഴിലാളികള്‍ നിലവില്‍ താമസിക്കുന്ന സ്ഥലം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. യാത്രാ ചിലവ് വഹിക്കാന്‍ തയാറുള്ളവരെയാണ് ട്രെയിനുകളില്‍ നാട്ടിലേക്ക് അയക്കുന്നത്.
വിവരശേഖരണത്തിനൊപ്പം തന്നെ തൊഴിലാളികളെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധരായ എല്ലാവര്‍ക്കും പോകുന്നതിന് അവസരമൊരുക്കും. പോകാന്‍ തയാറുള്ളവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് ട്രെയിനുകള്‍ ക്രമീകരിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ തൊഴിലാളികള്‍ യാതൊരു കാരണവശാലും താമസസ്ഥലം വിട്ടിറങ്ങരുത്.
കോട്ടയം ജില്ലയില്‍ ഏകദേശം 27000 അതിഥി തൊഴിലാളികളാണുള്ളത്. ഇതില്‍ 18000 ഓളം പേര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരാണ്. പായിപ്പാട്, പനച്ചിക്കാട്, മുളക്കുളം ഗ്രാമപഞ്ചായത്തുകള്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തുടങ്ങിയ കേന്ദ്രങ്ങളിലാണ് അതിഥി തൊഴിലാളികള്‍ കൂടുതലുള്ളത്. വിവര ശേഖരണത്തിനുള്ള ക്രമീകരണങ്ങള്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
Story highlights- Steps initiated Kottayam facilitate travel other State workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here