കുവൈത്തിൽ കൊവിഡ്  ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരിച്ചു

കുവൈത്തിൽ കൊവിഡ്  ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ ആണ് മരിച്ചത്. നാൽപത്തിനാല് വയസായിരുന്നു. കൊവിഡ്  ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം  കുവൈത്തിലുണ്ട്.

ഇന്നലെ ദുബായിലും ഒരു മലയാളി കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. കണ്ണൂർ കേളകം സ്വദേശി തങ്കച്ചനാണ് മരിച്ചത്. 58 വയസായിരുന്നു.

ഇന്നലെ മാത്രം 557 പുതിയ കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 114 പേർ ഇന്നലെ രോഗമുക്തരായി. അതേസമയം, യുഎഇയിൽ 13,038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ആറ് പേർ കൂടി മരിച്ചതോടെ രാജ്യത്തെ മലണസംഖ്യ 111 ആയി. 2,543 പേരാണ് ഇതുവരെ രോഗമുക്തരായത്.

രാജ്യത്ത് ഇന്നലെ 2,411 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേർ മരിക്കുകയും ചെയ്തു. 37,776 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,506 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 485 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 4,721 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 236 പേർ മരിച്ചു. അഹമ്മദാബാധിൽ മാത്രം 24 മണിക്കൂറിനിടെ 264 കേസുകൾ റിപ്പോർട്ട് ചെയ്തു. പതിനാറ് പേർ മരിക്കുകയും ചെയ്തു.

Story Highlights: malayali in kuwait died coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top