ലോക്ക്ഡൗണ്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി. covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസുകള്‍ക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷിക്കണം.

ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക്ക്ഡൗണ്‍ കാരണം കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവന്നവര്‍, ഇന്റര്‍വ്യൂ/സ്പോര്‍ട്സ്, തീര്‍ത്ഥടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നി മുന്‍ഗണന ക്രമത്തിലായിരുക്കും പാസുകള്‍ അനുവദിക്കുന്നത്. യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്.

കേരളത്തിലേക്ക് മടങ്ങി വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

1. മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നവര്‍ മുന്‍കൂറായി ജില്ലാ കളക്ടറില്‍ നിന്ന് യാത്രാ അനുമതി വാങ്ങേണ്ടതാണ്. ആയതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച് കൊവിഡ് 19 ജാഗ്രത വെബസൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (covid19jagratha.kerala.nic.in) ഓരോ ദിവസവും കേരളത്തിലേക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിയിട്ടുള്ള യാത്രക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എന്‍ട്രി ചെക്ക്‌പോസ്റ്റ് ഓരോ യാത്രക്കാരും തിരഞ്ഞെടുക്കേണ്ടതാണ്. നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും covid19jagratha.kerala.nic.in വഴി പുതുതായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

2. പുറപ്പെടുന്നതോ യാത്ര ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്ന് യാത്രാനുമതി ആവശ്യമുണ്ടെങ്കില്‍ ആയതു കൂടി കരസ്ഥമാക്കാന്‍ ഓരോ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

3. സംസ്ഥാനം നോട്ടിഫൈ ചെയ്തിട്ടുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൂടി മാത്രം ആളുകള്‍ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന ആരോഗ്യപരിശോധനക്ക് വിധേയരാകേണ്ടതുമാണ്. ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതിര്‍ത്തികളിലൂടെ കടത്തി വിടുകയുള്ളൂ. കൊവിഡ് 19 ജാഗ്രത വെബ്‌സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാ തിയതിയും എന്‍ട്രി ചെക്ക്‌പോസ്റ്റും ഓരോ യാത്രക്കാര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്.

4. ഓരോ വ്യക്തിയും സമര്‍പ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും, ഇ-മെയിലിലേക്കും QR Code സഹിതമുള്ള യാത്രാനുമതി ജില്ലാ കളക്ടര്‍ നല്‍കുന്നതാണ്. ഇപ്രകാരമുള്ള യാത്രാനുമതി ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങുവാന്‍ പാടുള്ളൂ.

5. ഒരു വാഹനത്തില്‍ ഒരു ഗ്രൂപ്പായി / കുടുംബമായി യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ വ്യക്തിഗത രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികള്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ലാ അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കേണ്ടതും ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പര്‍ നല്‍കേണ്ടതുമാണ്.

6. ചെക്ക്‌പോസ്റ്റുകളിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയ്ക്കായി പ്രസ്തുത യാത്രാ പെര്‍മിറ്റ് കൈയ്യില്‍ കരുതേണ്ടതാണ്.

7. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു 5 സീറ്റര്‍ വാഹനത്തില്‍ 4ഉം, 7 സീറ്റര്‍ വാഹനത്തില്‍ 5ഉം, വാനില്‍ 10 ഉം, ബസില്‍ 25ഉം ആളുകള്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളു. യാത്രാ വേളയില്‍ ശാരീരിക അകലം പാലിക്കേണ്ടതും, മാസക്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.

8. അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ മാത്രം വാടക വാഹനത്തില്‍ വരുകയും അതിനുശേഷം മറ്റൊരു വാഹനത്തില്‍ യാത്ര തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികള്‍ അതത് സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായി വരുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത ഡ്രൈവറും യാത്രക്ക് ശേഷം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവര്‍ കൊവിഡ് ജാഗ്രത വെബ്‌സൈറ്റിലൂടെ എമര്‍ജന്‍സി പാസ് വാങ്ങേണ്ടതാണ്.

9. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് വീടുകളിലേക്ക് പോകാവുന്നതും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ കൊവിഡ് കെയര്‍ സെന്റര്‍/ ആശുപത്രിയിലേക്കോ അയക്കുന്നതാണ്.

10. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയിട്ടുള്ള കുട്ടികള്‍ / ഭാര്യ / ഭര്‍ത്താവ് / മാതാപിതാക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ജില്ലാ കളക്ടര്‍ പുറത്തുപോകുവാനും തിരിച്ച് വരുവാനുമുള്ള പാസ് നല്‍കുന്നതാണ്. ഏത് സംസ്ഥാനത്തേക്കാണോ പോകേണ്ടത്, ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

11. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള തിരിച്ച് പോവനുള്ള പാസ് ജില്ലാ കളക്ടര്‍ നല്‍കുന്നതാണ്.

12. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാമെങ്കില്‍ ഗവ. സെക്രട്ടറിയേറ്റിലെ കോവിഡ് വാ4 റൂമുമായോ (0471 2781100 / 2781101) നിര്‍ദ്ദിഷ്ട ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.

13. കേരളത്തിലെത്തുന്ന യാത്രക്കാര്‍ കൊവിഡ് 19 ജാഗ്രത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.

 

Story Highlights- Procedure for coming to Kerala from other States

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top