അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ നാളെ മുതൽ ആര്യങ്കാവ് വഴി കൊല്ലം ജില്ലയിലെത്തും

അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ നാളെ മുതൽ ആര്യങ്കാവ് വഴി കൊല്ലം ജില്ലയിലെത്തും. അതിർത്തി കടന്ന് കേരളത്തിൽ എത്തുന്നവരെ സ്വീകരിക്കാൻ ജില്ല പൂർണ സജ്ജമായതായി കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.
ആര്യങ്കാവ് വഴി കേരളത്തിലേക്ക് എത്താൻ ആയിരത്തിലധികം മലയാളികളാണ് വെബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്തതെന്ന് കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഇവരെ സ്വീകരിക്കാൻ ജില്ലാ പൂർണ്ണ സജ്ജമാണ്. ആര്യങ്കാവിൽ തന്നെ രണ്ട് സ്‌കൂളുകൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട് ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ആര്യങ്കാവിൽ ഒരുക്കും. 8 മണി മുതൽ 5 മണി വരെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
അടിയന്തര സാഹചര്യങ്ങൾ ഒഴിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ടാക്‌സി വാഹനങ്ങൾ ജില്ലയിലേക്ക് പ്രവേശിപ്പിക്കില്ല. ചെക്ക്‌പോസ്റ്റിൽ നിന്ന് തന്നെ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇതിനായി ജില്ലയിൽ 7902 മുറികൾ പൂർണ്ണ സജ്ജമായി.
ജില്ലയിൽ നിന്ന് പതിനായിരത്തിന് അടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽ നിന്നുള്ളവരാണ് ഇതിൽ ഏറ്റവും കൂടുതൽ ഉള്ളത്. ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഈ മാസം 10ന് പുറപ്പെടും. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും ട്രെയിൻ എവിടേക്കാണ് എന്ന് തീരുമാനിക്കുക.
അതേസമയം ചാത്തന്നൂരിലും കുളത്തൂപ്പുഴയിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Story highlights- kollam, lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here