200 കോവിഡ് കെയർ സെന്ററുകൾ; പ്രത്യേക വാഹനം; പ്രവാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യം ഒരുക്കി മലപ്പുറം ജില്ല

തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യം ഒരുക്കി മലപ്പുറം ജില്ല. 200 കോവിഡ് കെയർ സെന്ററുകൾ ജില്ലയിൽ ഒരുക്കി കഴിഞ്ഞു. മടങ്ങി എത്തുന്ന പ്രവാസികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കടത്തി വിടുക.
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്കും പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരെ കോവിഡ് കെയർ സെന്ററുകളിലേയ്ക്കുമാണ് മാറ്റുക. മറ്റുള്ളവരെ സ്വന്തം വീടുകളിലെ നിരീക്ഷണത്തിലുമാക്കും. കോറന്റൈനിൽ കഴിയേണ്ടവർക്കായി, വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഹജ്ജ് ഹൗസ് പ്രധാന കേന്ദ്രമാക്കി മറ്റും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലടക്കം വിവിധ കോളജ് ഹോസ്റ്റലുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയർ സെന്ററുകളാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്.
ഇതിന് പുറമേ ജില്ലയിലെ മുഴുവൻ ലോഡ്ജുകളുടെയും 60% റൂമുകൾ, കളക്ടർ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുത്തിട്ടുണ്ട്. വീടുകളിൽ സിംഗിൾ ബാത്ത് അറ്റാച്ച്ഡ് റൂമുകൾ ഉള്ളവരെയാണ് സൗകര്യം ഉറപ്പ് വരുത്തിയ ശേഷം വീടുകളിലേക്ക് അയക്കുക. തിരിച്ചെത്തുന്നവരെ നിരീക്ഷണ കേന്ദ്രങ്ങകളിലേക്ക് മാറ്റാൻ പ്രത്യേകം വാഹന സൗകര്യവും എയര്‌പോർട്ടിൽ സജ്ജമാക്കുന്നുണ്ട്. ചികിത്സ ആവശ്യമായി വരുന്നവർക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ 400 ബെഡുകൾ തയ്യാറാണ്. ഇത് തികയാതെ വന്നാൽ, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികൾ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights- coronavirus, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here