Advertisement

കൗമാരക്കാരുടെ ‘ബോയ്‌സ് ലോക്കർ റൂം’; അന്വേഷണം ശക്തമാക്കി പൊലീസ്

May 5, 2020
Google News 2 minutes Read
instagram

ബോയ്സ് ലോക്കർ റൂം എന്ന ഇൻസ്റ്റഗ്രാം പേജുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ 15 വയസുള്ള ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തു. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡൽഹി സൈബർ സെൽ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. ഐടി വകുപ്പിലെ വിവിധ സെക്ഷനുകൾ ഉൾപ്പെടുത്തിയാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൗത്ത് ഡൽഹിയിലും നോയിഡയിലുമുള്ള അഞ്ച് പ്രമുഖ സ്‌കൂളുകളിലെ കൗമാരക്കാരായ 20 വിദ്യാർത്ഥികളാണ് ബോയ്സ് ലോക്കർ റൂം പേജിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളെക്കൂടാതെ ഏതാനും കോളജ് വിദ്യാർത്ഥികളും ഗ്രൂപ്പിലുണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഗ്രൂപ്പ് ഇൻസ്റ്റഗ്രാമിൽ നിന്നും അപ്രത്യക്ഷമായിരുന്നു.

സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പിലെ അംഗമായിരുന്ന 15 കാരനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഈ വിദ്യാർത്ഥിയുടെ മെബൈൽ നമ്പർ സൈബർ സെല്ലിന് കിട്ടി. നമ്പർ സ്വിച്ച് ഓഫ് ആയിരുന്നുവെങ്കിലും വിദ്യാർത്ഥിയുടെ മേൽവിലാസത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച്ച വൈകിട്ടോടെ 15 കാരനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഈ വിദ്യാർത്ഥിയും പെൺകുട്ടികളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്യുക, ശരീരഭാഗങ്ങളെക്കുറിച്ച് അശ്ലീല കമന്റുകൾ നടത്തുക, ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചർച്ചകൾ നടത്തുക എന്നതൊക്കെയായിരുന്നു ഗ്രൂപ്പിൽ നടന്നിരുന്നത്. തങ്ങളുടെ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങളായിരുന്നു ഗ്രൂപ്പിലെ അംഗങ്ങളായ കൗമാരക്കാർ ഷെയർ ചെയ്തിരുന്നത്. പെൺകുട്ടികളുടെ അറിവോ സമ്മതമോ കൂടാതെയെടുത്ത ചിത്രങ്ങളായിരുന്നു അവയെല്ലാം. സഹപാഠികളെ കൂട്ടബലാത്സംഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നിരുന്നു. ബലാത്സംഗം ചെയ്യുന്നത് സാധാരണ സംഭവം മാത്രമാണെന്നായിരുന്നു വിദ്യാർത്ഥികൾ ഗ്രൂപ്പിൽ പറഞ്ഞിരുന്നത്. സ്ത്രീവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ സ്വഭാവം.

also read:കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ഈ ഗ്രൂപ്പിൽ നടന്ന ചാറ്റുകളുടെയും പങ്കുവച്ച ചിത്രങ്ങളുടെയും സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വന്നതോടെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ബോയ്സ് ലോക്കർ റൂമിനെതിരേ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധം ഉയർന്നിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി സോഷ്യൽ മീഡിയ കാമ്പയിനും ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി സൈബർ സെൽ വിഭാഗം സ്വമേധയ കേസ് എടുത്തത്. ഡൽഹി വനിത കമ്മിഷനും സംഭവത്തിൽ ഇടപെട്ടിരുന്നു. കുറ്റക്കാരെ എത്രയും വേഗം പിടികൂടി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നു വനിത കമ്മിഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയൊരു പേജ് ഉണ്ടായതിന്റെ വിശദാംശങ്ങൾ ആവിശ്യപ്പെട്ട് പൊലീസും വനിത കമ്മിഷനും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന് നോട്ടീസ് അയച്ചിരുന്നു. ഈ വിഷയം വളരെ ഗൗരവത്തിൽ എടുക്കുന്നുവെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ഫേസ്ബുക്ക് പ്രതികരിച്ചു.

Story highlights-Teenagers’ Boys Locker Room Instagram page; Police tighten the Investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here