Advertisement

കോട്ടയം ജില്ലയില്‍ 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം

May 6, 2020
2 minutes Read
kottayam
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി താമസിപ്പിക്കുന്നതിനും കോട്ടയം ജില്ലയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഇവര്‍ക്ക് പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ വിദേശരാജ്യങ്ങളില്‍നിന്നുള്ള 13950 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 6200 പേരുമാണ് നാട്ടിലേക്ക് മടങ്ങുന്നതിന് നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസ കേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്. റവന്യൂ, പൊതുമരാമത്ത് (കെട്ടിട വിഭാഗം) വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ഈ കെട്ടിടങ്ങളുടെ ഉപയോഗക്ഷമത ഉറപ്പു വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു.

പൊതുസമ്പര്‍ക്കമില്ലാതെ കഴിയേണ്ടതുകൊണ്ടുതന്നെ ആറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കുക. ഓരോ മേഖലയിലും ഐസൊലേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിന് ചാര്‍ജ് ഓഫീസര്‍മാരെയും താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിദേശത്തുനിന്ന് എത്തുന്നവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രി നീരീക്ഷണത്തിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളജിലും കോട്ടയം ജനറല്‍ ആശുപത്രിയിലുമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കുക. ഈ രണ്ടു കേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ മതിയാകാതെ വന്നാല്‍ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളും ഉഴവൂരിലെ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്.

read also:കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് മേഖലകളിലും ഹോട്ട് സ്പോട്ടുകളിലും അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട നമ്പരുകള്‍

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്നും എത്തുന്നവര്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ഏഴു ദിവസം ക്വാറന്‍റീനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവാണെങ്കില്‍ വീടുകളിലേക്ക് പോകാം. തുടര്‍ന്ന് വീട്ടില്‍ ഏഴു ദിവസംകൂടി ക്വാറന്‍റീനില്‍ കഴിയണം. പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റും.

അതത് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുക. ഇതിനു പുറമെ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ രണ്ടു വൊളന്റിയർമാരെ വീതം നിയോഗിച്ചിട്ടുണ്ട്.

നിലവില്‍ ഹോം ക്വാറന്‍റീനില്‍ കഴിയുന്നവരുടെ കാര്യത്തിലെന്നപോലെ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെയും ആരോഗ്യനില എല്ലാ ദിവസവും വിലയിരുത്തും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റും.

Story highlights-234 covid Isolation Centers set up Kottayam District

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement