ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ മുസ്ലിങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയോ?; വാർത്ത വ്യാജം

കൊവിഡ് 19 വൈറസിനെതിരെ നമ്മൾ പോരാട്ടം തുടരുകയാണ്. ഒറ്റക്കെട്ടായി നാം നടത്തുന്ന പോരാട്ടത്തിന് തുരങ്കം വെക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. നമ്മുടെ നാടിൻ്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്ന അവർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. അത്തരത്തിൽ പ്രചരിക്കുന്ന ഒരു വ്യാജവാർത്തയുടെ ഉള്ളു തേടിയാണ് ഇന്നത്തെ യാത്ര.

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഭിച്ച് തമിഴ്നാട്ടിൽ മുസ്ലിങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയെന്നാണ് പ്രചാരണം. തമിഴ്നാട്ടിലെ വെല്ലൂരിൽ 700ലധികം വരുന്ന മുസ്ലിങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയെന്ന പോസ്റ്റ് ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.

ഏപ്രിൽ 30ന് വിജയ് അജയ് എന്ന ഫേസ്ബുക്ക് യൂസർ തമിഴിൽ കുറിച്ച വിവരണത്തിനൊപ്പം ഒരു ചിത്രവും ഉണ്ടായിരുന്നു. തൊപ്പിയണിഞ്ഞ കുറേയധികം ആളുകൾ പ്രാർത്ഥന നടത്തുന്ന ഒരു ചിത്രം. അർധരാത്രി ഒരു മണിക്ക് അവർ കൂട്ടപ്രാർത്ഥന നടത്തി എന്നും തടയരുതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി എന്നുമാണ് ഒപ്പമുള്ള കുറിപ്പ്. അത് 577 തവണ പങ്കുവെക്കപ്പെട്ടു. അത് ബിജെപി കോയമ്പത്തൂർ തൊണ്ടമുത്തുർ അസംബ്ലി എന്ന ഫേസ്ബുക്ക് പേജ് ഏറ്റെടുത്തു. വിവരണം ഇത് തന്നെ. ആ പോസ്റ്റിന് 22 ഷെയറുകൾ കിട്ടി.

സത്യം അറിയാൻ കുറച്ച് വർഷങ്ങൾ പിന്നിലേക്ക് പോകണം. കൃത്യമായി പറഞ്ഞാൽ 2018 മെയ് 17ലേക്ക്. ഇപ്പോൾ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഉത്തർപ്രദേശിലെ അലഹബാദ് സിറ്റിയാണ് ഫ്രെയിമിൽ.

ഫോട്ടോ ഏജൻസിയായ അലാമിക്ക് വേണ്ടി പ്രഭാത് കുമാർ പകർത്തിയ, നോമ്പ് കാലത്ത് രാത്രിയിൽ മുസ്ലിങ്ങൾ നടത്തുന്ന തറാവീഹ് എന്ന കൂട്ട പ്രാർത്ഥനയുടെ ചിത്രമാണിത്. ഇക്കാര്യം ചിത്രത്തിൻ്റെ വിവരണത്തിൽ കൃത്യമായി സൂചിപ്പിക്കുന്നുമുണ്ട്. തിരുപ്പൂർ ഡിസ്ട്രിക്ട് പൊലീസ് ഈ വാർത്ത വ്യാജമാണെന്നും പ്രചാരണം നടത്തിയവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു എന്നും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്തു.


ചുരുക്കത്തിൽ, ഈ പ്രചാരണവും നുണയാണ്. സ്ഥാപിത താത്പര്യങ്ങൾക്കു വേണ്ടി കള്ളത്തരം പ്രചരിപ്പിക്കുന്നവരുടെ കെണിയിൽ നാം വീണു പോകരുത്. നാം ഒരു പോരാട്ടത്തിലാണ്. നമുക്ക് തോൽപിക്കാൻ ഒരു പൊതുശത്രു ഉണ്ട്. ഒറ്റക്കെട്ടായി നിന്ന് പൊതുശത്രുക്കളെ തോല്പിച്ച പാരമ്പര്യം ഉള്ളവരാണ് നമ്മൾ. അതുകൊണ്ട് നമുക്ക് ആ പോരാട്ടത്തിൽ പങ്കു ചേരാം. ബ്രേക്ക് ദ ചെയ്ൻ. അതാണ് മുദ്രാവാക്യം, കൊറോണയിൽ നിന്നും വ്യാജവാർത്തകളിൽ നിന്നും.

Story Highligts: lockdown muslims mass prayer fake news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top