42 ദിവസത്തെ ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട സ്വദേശിയുടെ ഫലം നെഗറ്റീവ്

നാൽപ്പത്തി രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം പത്തനംതിട്ടയിൽ കൊവിഡ് രോഗിയുടെ ഫലം നെഗറ്റീവായി. ഇദ്ദേഹം ആശുപത്രി വിട്ടു. ഇതോടെ പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അവസാനത്തെയാളും ആശുപത്രി വിട്ടു. അതേസമയം, വരും ദിവസങ്ങളിൽ പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ കരുതൽ തുടരുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഒരു മാസത്തിലധികം നീണ്ട ചികിത്സയ്ക്കും 22 തവണയുള്ള സ്രവ പരിശോധനയ്ക്കും ഒടുവിലാണ് ലണ്ടനിൽ നിന്നെത്തിയ ആറന്മുള സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരും. മാർച്ച് 25 നാണ് ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. അവസാനത്തെ രോഗിയേയും രോഗം ഭേദമാക്കി മടക്കി അയയ്ക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിലും ജില്ല കൊവിഡ് മുക്തമായതിലുള്ള ആശ്വാസത്തിലുമാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും.
read also: പത്തനംതിട്ടയിൽ 41 ദിവസമായി രോഗ മുക്തി നേടാതെ കൊവിഡ് ബാധിതൻ
മാർച്ച് 8 നാണ് ഇറ്റലിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളിലൂടെ ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് 17 പേർക്ക് ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചു. എന്നാൽ ചിട്ടയായ പ്രവർത്തനത്തിലൂടെ രോഗം വ്യാപിക്കുന്നത് തടയാൻ പത്തനംതിട്ടയിലെ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞു. രോഗം ബേധമായി അവസാനത്തെയാളും ആശുപത്രി വിട്ടു എന്നതിന് പുറമേ കഴിഞ്ഞ 25 ദിവസമായി കൊവിഡ് ബാധിതർ ആരും തന്നെ ഇല്ല എന്ന ആശ്വാസവും ജില്ലയിലുണ്ട്.
story highlights- coronavirus, pathanamthitta